ബഹുമാനപ്പെട്ട ചെയർപേഴ്‌സൺ സർ,
(പാർലമെന്റിന്റെ) ശീതകാല സമ്മേളനം ആരംഭിക്കുകയാണ്, ഇന്ന് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും അഭിമാനത്തിന്റെ നിമിഷമാണ്. താങ്കളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഈ സഭയിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനും, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും, താങ്കളുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും നമുക്കെല്ലാവർക്കും അവസരം ലഭിക്കുന്നതിനുള്ള ഒരു മികച്ച സന്ദർഭമാണിത് . സഭയുടെയും എന്റെയും പേരിൽ, ഞാൻ താങ്കളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, എന്റെ ആശംസകൾ അറിയിക്കുന്നു, നന്മകൾ നേരുന്നു . ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും ഈ ഉപരിസഭയുടെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സിനെ എപ്പോഴും ബഹുമാനിക്കുകയും അതിനെ കാത്തുരക്ഷിക്കുമെന്നും ഞാൻ താങ്കൾക്ക് ഉറപ്പ് നൽകുന്നു. ഇത് താങ്കൾക്കുള്ള എന്റെ ഉറപ്പാണ്.
നമ്മുടെ ചെയർപേഴ്‌സൺ ഒരു സാധാരണ കുടുംബത്തിൽ നിന്ന്, ഒരു കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത് . അദ്ദേഹം തന്റെ ജീവിതം മുഴുവൻ സാമൂഹിക സേവനത്തിനായി സമർപ്പിച്ചു. സാമൂഹിക സേവനമായിരുന്നു അദ്ദേഹത്തിന്റെ നിരന്തരമായ പാത. രാഷ്ട്രീയം അതിന്റെ ഒരു വശമായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാന ധാര എപ്പോഴും സമൂഹ സേവനമായിരുന്നു. ചെറുപ്പം മുതൽ ഇതുവരെ, അദ്ദേഹം സമൂഹത്തോടുള്ള പൂർണ്ണ സമർപ്പണത്തോടെ പ്രവർത്തിച്ചു. സാമൂഹിക സേവനത്തിൽ താൽപ്പര്യമുള്ള നമുക്കെല്ലാവർക്കും, അദ്ദേഹം ഒരു പ്രചോദനവും വഴികാട്ടിയുമാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്ന്, ഒരു സാധാരണ സമൂഹത്തിൽ നിന്ന് വന്ന്, മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ രംഗത്ത് സഞ്ചരിക്കുകയും, ഈ സ്ഥാനത്ത് എത്തുകയും നമ്മളെയെല്ലാം നയിക്കുകയും ചെയ്യുന്നത് ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്.താങ്കളെ വളരെക്കാലമായി അറിയാനായതും , പൊതുജീവിതത്തിൽ താങ്കളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതും ഞാൻ എന്റെ ഭാഗ്യമായി കരുതുന്നു. എന്നാൽ പ്രധാനമന്ത്രിയായി എനിക്ക് ഇവിടെ ഉത്തരവാദിത്തങ്ങൾ ലഭിച്ചപ്പോൾ, വിവിധ റോളുകളിൽ താങ്കളുടെ പ്രവർത്തനങ്ങൾ കണ്ടപ്പോൾ, അതിനെക്കുറിച്ച് എനിക്ക് ആഴത്തിൽ പോസിറ്റീവായ തോന്നൽ ഉണ്ടായത് സ്വാഭാവികമായിരുന്നു.
കയർ ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ, ചരിത്രപരമായി ഏറ്റവും ഉയർന്ന ലാഭം നേടുന്ന സ്ഥാപനമാക്കി താങ്കൾ സ്ഥാപനത്തെ മാറ്റി. ഒരു വ്യക്തി ഒരു സ്ഥാപനത്തോട് സമർപ്പിതനാകുമ്പോൾ എത്രത്തോളം വികസനം സാധ്യമാകുമെന്നും ആഗോളതലത്തിൽ അതിന്റെ വ്യക്തിത്വം എങ്ങനെ ഉയർത്താമെന്നും താങ്കൾ കാണിച്ചുതന്നു. ഇന്ത്യയിലെ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ പല പ്രദേശങ്ങളിലും അത്തരം അവസരങ്ങൾ ലഭിക്കുന്നുള്ളൂ. ജാർഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ ഗവർണറായും ലെഫ്റ്റനന്റ് ഗവർണറായും താങ്കൾ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ജാർഖണ്ഡിൽ, ആദിവാസി സമൂഹങ്ങളുമായി താങ്കൾ എങ്ങനെ ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചുവെന്ന് ഞാൻ കണ്ടിട്ടുണ്ട്. ഏറ്റവും ചെറിയ ഗ്രാമങ്ങൾ പോലും താങ്കൾ സന്ദർശിക്കുമായിരുന്നു. തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം അവിടത്തെ മുഖ്യമന്ത്രി അഭിമാനത്തോടെ ഇത് പരാമർശിക്കുമായിരുന്നു. ചിലപ്പോൾ, ഒരു ഹെലികോപ്റ്റർ ലഭ്യമാണോ ഇല്ലയോ എന്ന് ആശങ്കപ്പെടാതെ താങ്കൾ യാത്ര ചെയ്തതിനാൽ അവിടത്തെ രാഷ്ട്രീയക്കാർ ആശങ്കാകുലരാകും. അവിടെയുള്ള ഏത് വാഹനവും താങ്കൾ എടുക്കുകയും തുടർച്ചയായി യാത്ര ചെയ്യുകയും ചെറിയ സ്ഥലങ്ങളിൽ പോലും രാത്രി താമസിക്കുകയും ചെയ്യും. ഗവർണർ പദവി വഹിച്ചിരുന്നപ്പോഴും താങ്കൾ ഉയർത്തിപ്പിടിച്ച ഈ സേവന മനോഭാവവും ആ സ്ഥാനത്തിന് താങ്കൾ നൽകിയ പുതിയ ഉയരങ്ങളും നമുക്കെല്ലാവർക്കും സുപരിചിതമാണ്.
ഒരു കാര്യകർത്താവായും, ഒരു സഹപ്രവർത്തകനായും ഞാൻ താങ്കളെ കണ്ടിട്ടുണ്ട്. ഈ കസേരയിലെത്തുന്നതിന് മുമ്പ് പാർലമെന്റ് അംഗമായും മറ്റ് പല സ്ഥാനങ്ങളിലും താങ്കൾ വിരാജിച്ചതും എനിക്ക് സുപരിചിതമാണ് . എന്നാൽ എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം, സാധാരണയായി പൊതുജീവിതത്തിൽ, ആളുകൾ ഉയർന്ന പദവിയിലെത്തുമ്പോൾ, അവർ ചിലപ്പോൾ ആ സ്ഥാനത്തിന്റെ ഭാരം അനുഭവിക്കുന്നു അല്ലെങ്കിൽ പ്രോട്ടോക്കോളിൽ കുടുങ്ങിപ്പോകുന്നു എന്നതാണ്. എന്നാൽ താങ്കൾക്ക് പ്രോട്ടോക്കോളുമായി ഒരു ബന്ധവുമില്ലെന്ന് ഞാൻ കണ്ടിട്ടുണ്ട്.താങ്കൾ എല്ലായ്പ്പോഴും പ്രോട്ടോക്കോളിനപ്പുറം നിലകൊണ്ടു. പൊതുജീവിതത്തിൽ, പ്രോട്ടോക്കോളിനപ്പുറം ജീവിക്കുന്നതിൽ ഒരു അതുല്യമായ ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,താങ്കളിലെ ആ ശക്തി ഞങ്ങൾ എല്ലായ്പ്പോഴും അനുഭവിച്ചിട്ടുണ്ട്. ഇത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണ്.
ബഹുമാനപ്പെട്ട ചെയർപേഴ്‌സൺ സർ,
താങ്കളുടെ വ്യക്തിത്വത്തെ നിർവചിക്കുന്ന സേവനം, സമർപ്പണം, സംയമനം എന്നീ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും നന്നായി അറിയാം. സ്വന്തം വ്യക്തിത്വമുള്ള "ഡോളർ സിറ്റി"യിലാണ് താങ്കൾ ജനിച്ചതെങ്കിലും, അന്ത്യോദയയ്ക്കായി താങ്കളുടെ ജീവിതം സമർപ്പിക്കാൻ താങ്കൾ തീരുമാനിച്ചു. ഡോളർ സിറ്റിയിൽ പോലും, അടിച്ചമർത്തപ്പെട്ടവരെയും, നിഷേധിക്കപ്പെട്ടവരെയും, ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയും താങ്കൾ എപ്പോഴും പരിപാലിച്ചു.
ബഹുമാനപ്പെട്ട ചെയർപേഴ്‌സൺ സർ,
താങ്കളിൽ നിന്നും താങ്കളുടെ കുടുംബാംഗങ്ങളിൽ നിന്നും ഞാൻ ഒരിക്കൽ കേട്ടതും താങ്കളുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയതുമായ രണ്ട് സംഭവങ്ങൾ ഞാൻ പരാമർശിക്കേണ്ടതുണ്ട്. ആദ്യത്തേത് താങ്കളുടെ കുട്ടിക്കാലത്ത്, ഒരിക്കൽ അവിനാശി ക്ഷേത്രത്തിലെ കുളത്തിൽ താങ്കൾ മുങ്ങിമരിക്കുന്നതിന്റെ വക്കിലായിരുന്നു.ആ സംഭവം താങ്കൾക്ക് എപ്പോഴും ഒരു നിഗൂഢമായ ഒന്നായിരുന്നു ; അന്ന് ആരാണ് താങ്കളെ രക്ഷിച്ചത്, താങ്കൾ എങ്ങനെ രക്ഷപ്പെട്ടു? താങ്കൾക്ക് അത് അറിയില്ല , പക്ഷേ താങ്കൾ അതിനെ അതിജീവിച്ചു. താങ്കളുടെ കുടുംബം എപ്പോഴും ഇതിനെ താങ്കളുടെ മേലുള്ള ദൈവകൃപയുടെ വികാരത്തോടെ വിവരിക്കുന്നു. രണ്ടാമത്തെ സംഭവം നമുക്കെല്ലാവർക്കും നന്നായി അറിയാവുന്ന ഒന്നാണ്. ലാൽ കൃഷ്ണ അദ്വാനി ജിയുടെ യാത്ര കോയമ്പത്തൂരിൽ നടക്കുന്നതിന് തൊട്ടുമുമ്പ്, ഒരു ഭയാനകമായ ബോംബ് സ്ഫോടനം നടന്നു. ഏകദേശം 60-70 പേർ കൊല്ലപ്പെട്ടു. അതൊരു വിനാശകരമായ ബോംബ് സ്ഫോടനമായിരുന്നു. ആ സമയത്ത്, താങ്കൾ കഷ്ടിച്ച് രക്ഷപ്പെട്ടു. ഈ രണ്ട് സംഭവങ്ങളെയും ദൈവിക ഇടപെടലിന്റെ അടയാളങ്ങളായി താങ്കൾ വ്യാഖ്യാനിക്കുകയും സമൂഹത്തിന്റെ സേവനത്തിനായി കൂടുതൽ പൂർണ്ണമായി സ്വയം സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ, അത് ആഴത്തിൽ വേരൂന്നിയ ശുഭപ്രതീക്ഷകളുടെ ചിന്തയാൽ രൂപപ്പെടുത്തിയ ഒരു ജീവിതത്തിന്റെ പ്രതിഫലനമായി മാറി.
ബഹുമാനപ്പെട്ട ചെയർപേഴ്‌സൺ സർ,
ഒരു കാര്യം എനിക്ക് മുമ്പ് അറിയില്ലായിരുന്നു, അടുത്തിടെയാണ് അക്കാര്യം മനസ്സിലായത്. ഒരുപക്ഷേ ഉപരാഷ്ട്രപതിയായതിനുശേഷം, താങ്കൾ കാശിയിൽ പോയപ്പോൾ, പാർലമെന്റ് അംഗമായി ഞാൻ കാശിയെ പ്രതിനിധീകരിക്കുന്നതിനാൽ അവിടെ എല്ലാം നന്നായി നടക്കുമെന്നാണ് എനിക്ക് സ്വാഭാവികമായും തോന്നിയത് . പക്ഷേ, എനിക്ക് പുതിയതായി തോന്നിയ ഒരു കാര്യം താങ്കൾ അവിടെ പരാമർശിച്ചു. മുമ്പ് താങ്കൾ പതിവായി സസ്യാഹാരം കഴിച്ചിരുന്നുവെങ്കിലും, ജീവിതത്തിൽ ആദ്യമായി കാശി സന്ദർശിച്ച്, പൂജ നടത്തി, ഗംഗാ മാതാവിന്റെ അനുഗ്രഹം സ്വീകരിച്ചപ്പോൾ, താങ്കളുടെ ഉള്ളിൽ എന്തോ മാറ്റം വന്നുവെന്ന് താങ്കൾ പറഞ്ഞു. ആ ദിവസം മുതൽ, ഇനി മാംസാഹാരം കഴിക്കില്ലെന്ന് താങ്കൾ തീരുമാനിച്ചു. ഇപ്പോൾ, മാംസാഹാരം കഴിക്കുന്നത് മോശമാണെന്നോ, അത് കഴിക്കുന്നവർ മോശക്കാരാണെന്നോ ഞാൻ പറയുന്നില്ല. എന്നാൽ കാശിയുടെ പുണ്യഭൂമിയിൽ താങ്കളുടെ മനസ്സിൽ ഉദിച്ച ചിന്ത, കാശിയിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ എനിക്കും എപ്പോഴും ഓർമ്മയുണ്ടാകും. ഈ ദിശയിൽ താങ്കളെ പ്രചോദിപ്പിച്ച ചില ആന്തരിക ആത്മീയ വികാരങ്ങൾ തീർച്ചയായും ശ്രദ്ധേയമാണ്.
ബഹുമാനപ്പെട്ട ചെയർപേഴ്‌സൺ സർ,
വിദ്യാർത്ഥി കാലം മുതൽ തന്നെ താങ്കൾക്ക് ശക്തമായ നേതൃത്വപരമായ കഴിവുകളുണ്ടായിരുന്നു. ഇന്ന്, ദേശീയ നേതൃത്വത്തിന്റെ പാതയിലേക്ക് ഞങ്ങളെ നയിക്കാൻ താങ്കൾ ഇവിടെ ഇരിക്കുന്നത് നമുക്കെല്ലാവർക്കും വളരെയധികം അഭിമാനകരമായ കാര്യമാണ്.
ബഹുമാനപ്പെട്ട ചെയർപേഴ്‌സൺ സർ,
ജനാധിപത്യത്തിന്റെ സംരക്ഷകനെന്ന നിലയിൽ, മിക്ക യുവാക്കളും എളുപ്പവഴി തേടുന്ന പ്രായത്തിൽ, താങ്കൾ ലളിതമായ വഴി തിരഞ്ഞെടുത്തില്ല. പോരാട്ടത്തിന്റെ പാത തിരഞ്ഞെടുത്തു. ജനാധിപത്യത്തിന് മുൻപിൽ ഉയർന്നുവന്ന പ്രതിസന്ധിയെ നേരിടാനുള്ള പാത താങ്കൾ തിരഞ്ഞെടുത്തു. അടിയന്തരാവസ്ഥക്കാലത്ത്, ജനാധിപത്യത്തിന്റെ ഒരു യഥാർത്ഥ പടയാളിയെപ്പോലെ താങ്കൾ പോരാടി. വിഭവങ്ങളുടെ പരിമിതികളുണ്ടായിരുന്നു, പക്ഷേ താങ്കളുടെ മനോഭാവം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. ഇന്നും,താങ്കളുടെ പ്രദേശത്തെ ആ തലമുറയിലെ എല്ലാ യുവാക്കളും അടിയന്തരാവസ്ഥയ്‌ക്കെതിരായ താങ്കളുടെ പോരാട്ടത്തെ ഓർക്കുന്നു. പൊതു അവബോധം വ്യാപിപ്പിക്കാൻ താങ്കൾ ഏറ്റെടുത്ത പരിപാടികൾ, താങ്കൾ ആളുകളെ പ്രചോദിപ്പിച്ച രീതി എല്ലാ ജനാധിപത്യ സ്‌നേഹികൾക്കും ശാശ്വത പ്രചോദനമായി തുടരുന്നു. താങ്കൾ ഒരു മികച്ച സംഘാടകനായിരുന്നു; എനിക്കത് നന്നായി അറിയാം. സംഘടനയ്ക്കുള്ളിൽ താങ്കൾക്ക് ലഭിച്ച ഓരോ ഉത്തരവാദിത്തത്തിലും, താങ്കളുടെ കഠിനാധ്വാനത്തിലൂടെ താങ്കൾ പങ്ക് വർദ്ധിപ്പിച്ചു. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും, പുതിയ ആശയങ്ങൾ സ്വീകരിക്കാനും, പുതിയ തലമുറയ്ക്ക് അവസരങ്ങൾ നൽകാനും താങ്കൾ എപ്പോഴും ശ്രമിച്ചു. ഇത് എല്ലായ്പ്പോഴും താങ്കളുടെ സംഘടനാ പ്രവർത്തനത്തിന്റെ ഒരു മുഖമുദ്രയാണ്. കോയമ്പത്തൂരിലെ ജനങ്ങൾ അവരുടെ പാർലമെന്റ് അംഗമായി സേവനമനുഷ്ഠിക്കാൻ താങ്കളെ ഇവിടെ അയച്ചപ്പോൾ , താങ്കൾ താങ്കളുടെ പ്രദേശത്തെ പ്രശ്നങ്ങൾ ഈ സഭയ്ക്ക് മുന്നിൽ വലിയ ഊന്നൽ നൽകി നിരന്തരം ഉന്നയിച്ചു. ഈ സഭയുടെ അധ്യക്ഷൻ എന്ന നിലയിലും രാഷ്ട്രത്തിന്റെ ഉപരാഷ്ട്രപതി എന്ന നിലയിലും താങ്കളുടെ വിപുലമായ അനുഭവം ഞങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യും. എനിക്ക് തോന്നുന്നത് പോലെ, ഈ സഭയിലെ എല്ലാ അംഗങ്ങളും ഈ അഭിമാന നിമിഷം ആഴത്തിലുള്ള ഉത്തരവാദിത്തബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വികാരത്തോടെ, എന്റെ സ്വന്തം പേരിലും സഭയുടെ പേരിലും ഞാൻ താങ്കൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.


