സായ് റാം!
एंदरो महानुभावुलु, अंदरिकि वंदनमुलु।
മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി, കേന്ദ്രത്തിലെ എൻ്റെ സഹപ്രവർത്തകരേ , റാംമോഹൻ നായിഡു ജി, ജി കിഷൻ റെഡ്ഡി ജി, ഭൂപതി രാജു ശ്രീനിവാസ വർമ്മ ജി, സച്ചിൻ ടെണ്ടുൽക്കർ ജി, ഉപമുഖ്യമന്ത്രി പവൻ കല്യാണ് ജി, സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി,ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ ജി, വൈസ് ചാൻസലർ കെ. ചക്രവർത്തി ജി, ഐശ്വര്യ ജി, മറ്റ് പ്രമുഖരേ , മഹതികളെ ,മാന്യരേ , സായി റാം!
സുഹൃത്തുക്കളേ,
പുട്ടപർത്തിയുടെ ഈ പുണ്യഭൂമിയിൽ ഇന്ന് നിങ്ങളുടെയെല്ലാം കൂടെ സന്നിഹിതനാകാൻ കഴിഞ്ഞത് എനിക്ക് വൈകാരികവും ആത്മീയവുമായ ഒരു അനുഭവമാണ്. കുറച്ചു മുമ്പ്, ബാബയുടെ സമാധിയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ കാൽക്കൽ വണങ്ങി അനുഗ്രഹം സ്വീകരിക്കുന്നത് എന്റെ ഹൃദയത്തെ എപ്പോഴും വികാരഭരിതമാക്കുന്ന ഒരു അനുഭവമാണ്.

സുഹൃത്തുക്കളേ,
ശ്രീ സത്യസായി ബാബയുടെ ഈ ജന്മശതാബ്ദി വർഷം നമ്മുടെ തലമുറയ്ക്ക് വെറുമൊരു ആഘോഷമല്ല; അതൊരു ദിവ്യാനുഗ്രഹമാണ്. ഭൗതിക രൂപത്തിൽ അദ്ദേഹം ഇപ്പോൾ നമ്മോടൊപ്പമില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ , സ്നേഹം, സേവന മനോഭാവം എന്നിവ ഇപ്പോഴും ദശലക്ഷക്കണക്കിന് ആളുകളെ നയിക്കുന്നു. 140-ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജീവിതങ്ങൾ പുതിയ വെളിച്ചം, പുതിയ ദിശ, പുതിയ ദൃഢനിശ്ചയം എന്നിവയുമായി മുന്നോട്ട് പോകുന്നു.
സുഹൃത്തുക്കളേ,
ശ്രീ സത്യസായി ബാബയുടെ ജീവിതം "വസുധൈവ കുടുംബകം" എന്നതിന്റെ ഒരു ജീവസ്സുറ്റ രൂപമായിരുന്നു. അതിനാൽ, അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ ഈ വർഷം നമുക്ക് സാർവത്രിക സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സേവനത്തിന്റെയും ഒരു മഹത്തായ ഉത്സവമായി മാറിയിരിക്കുന്നു. ഈ അവസരത്തിൽ 100 രൂപയുടെ ഒരു സ്മാരക നാണയവും ഒരു തപാൽ സ്റ്റാമ്പും പുറത്തിറക്കിയത് നമ്മുടെ ഗവൺമെന്റിന്റെ ഭാഗ്യമാണ്. ഈ നാണയവും തപാൽ സ്റ്റാമ്പും അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഈ ശുഭകരമായ അവസരത്തിൽ ലോകമെമ്പാടുമുള്ള എല്ലാ ഭക്തർക്കും, സഹസേവകർക്കും, ബാബയുടെ അനുയായികൾക്കും എന്റെ ഹൃദയംഗമമായ ആശംസകളും അനുമോദനങ്ങളും നേരുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യൻ നാഗരികതയുടെ കേന്ദ്ര ബിന്ദു സേവ അല്ലെങ്കിൽ സേവനമാണ്. നമ്മുടെ വൈവിധ്യമാർന്ന ആത്മീയവും ദാർശനികവുമായ പാരമ്പര്യങ്ങളെല്ലാം ആത്യന്തികമായി ഈ ഒരു ആദർശത്തിലേക്ക് നയിക്കുന്നു. ഒരാൾ ഭക്തി, ജ്ഞാനം അല്ലെങ്കിൽ കർമ്മത്തിന്റെ പാതയിലൂടെ നടന്നാലും, ഓരോന്നും സേവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ജീവികളിലും കുടികൊള്ളുന്ന ദൈവിക സാന്നിധ്യത്തോടുള്ള സേവനമില്ലാതെ എന്ത് ഭക്തി ? മറ്റുള്ളവരോട് അനുകമ്പ ഉണർത്തുന്നില്ലെങ്കിൽ എന്ത് ജ്ഞാനം ? സമൂഹ സേവനത്തിനായി ഒരാളുടെ പ്രവൃത്തി അർപ്പിക്കുന്നില്ലെങ്കിൽ എന്ത് കർമ്മം? सेवा परमो धर्म: നൂറ്റാണ്ടുകളുടെ മാറ്റങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും ഇന്ത്യയെ നിലനിർത്തിയ ധാർമ്മികതയാണോ കർമ്മം? അത് നമ്മുടെ നാഗരികതയ്ക്ക് അതിന്റെ ആന്തരിക ശക്തി നൽകി. നമ്മുടെ പല മഹാന്മാരായ വിശുദ്ധന്മാരും പരിഷ്കർത്താക്കളും അവരുടെ കാലത്തിന് അനുയോജ്യമായ രീതിയിൽ ഈ കാലാതീതമായ സന്ദേശം മുന്നോട്ട് കൊണ്ടുപോയി. ശ്രീ സത്യസായി ബാബ മനുഷ്യജീവിതത്തിന്റെ ഹൃദയഭാഗത്ത് സേവയെ പ്രതിഷ്ഠിച്ചു. "എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക" എന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്, സേവ സ്നേഹമായിരുന്നു . വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം, തുടങ്ങി നിരവധി മേഖലകളിലെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ഈ തത്ത്വചിന്തയുടെ ജീവിക്കുന്ന തെളിവായി നിലകൊള്ളുന്നു. ആത്മീയതയും സേവനവും വേറിട്ടതല്ല, മറിച്ച് ഒരേ സത്യത്തിന്റെ വ്യത്യസ്ത പ്രകടനങ്ങളാണെന്ന് ഇവ കാണിക്കുന്നു.

കൂടാതെ, ശാരീരികമായി സന്നിഹിതനായിരിക്കുമ്പോൾ ആളുകളെ പ്രചോദിപ്പിക്കുന്ന ഒരാൾ അസാധാരണനല്ല . എന്നാൽ ബാബ ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും, അദ്ദേഹം സൃഷ്ടിച്ച സ്ഥാപനങ്ങളുടെ സേവാ പ്രവർത്തനങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കാണിക്കുന്നത് യഥാർത്ഥത്തിൽ മഹാത്മാക്കളുടെ സ്വാധീനം കാലക്രമേണ കുറയുന്നില്ല, മറിച്ച് അത് യഥാർത്ഥത്തിൽ വളരുന്നു എന്നാണ്.
സുഹൃത്തുക്കളേ,
ശ്രീ സത്യസായി ബാബയുടെ സന്ദേശം പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ആശ്രമങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ സ്വാധീനം ജനങ്ങൾക്കിടയിൽ ദൃശ്യമാണ്. ഇന്ന്,ഇന്ത്യയിൽ നഗരങ്ങളിൽ നിന്ന് ചെറിയ ഗ്രാമങ്ങളിലേക്കും, സ്കൂളുകളിൽ നിന്ന് ആദിവാസി വാസസ്ഥലങ്ങളിലേക്കും, സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വൈദ്യ സേവനങ്ങളുടെയും അത്ഭുതകരമായ ഒരു ഒഴുക്കുണ്ട്. ബാബയുടെ ദശലക്ഷക്കണക്കിന് അനുയായികൾ നിസ്വാർത്ഥമായി ഈ കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്നു. ബാബയുടെ അനുയായികളുടെ ഏറ്റവും വലിയ ആദർശമായ മാധവനെ സേവിക്കുക എന്നതാണ് മാനവികതയ്ക്കുള്ള സേവനം. കാരുണ്യം, കടമ, അച്ചടക്കം, ജീവിത തത്ത്വചിന്ത എന്നിവയുടെ സത്ത ഉൾക്കൊള്ളുന്ന നിരവധി ചിന്തകൾ അദ്ദേഹം നമുക്കായി അവശേഷിപ്പിച്ചു. "എപ്പോഴും സഹായിക്കുക , ഒരിക്കലും വേദനിപ്പിക്കരുത്, കുറച്ച് സംസാരിക്കുക , കൂടുതൽ പ്രവർത്തിക്കുക" എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ശ്രീ സത്യസായി ബാബയുടെ ഈ ജീവിത തത്വങ്ങൾ ഇന്നും നമ്മളിൽ എല്ലാവരിലും പ്രതിധ്വനിക്കുന്നു.
സുഹൃത്തുക്കളേ,
സമൂഹത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി സായി ബാബ ആത്മീയത ഉപയോഗിച്ചു. അദ്ദേഹം അതിനെ നിസ്വാർത്ഥ സേവനം, സ്വഭാവ നിർമ്മാണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയുമായി ബന്ധിപ്പിച്ചു. അദ്ദേഹം തന്റെ അധികാരത്തെ ഏതെങ്കിലും അഭിപ്രായത്തിലോ തത്വത്തിലോ അധിഷ്ഠിതമാക്കിയില്ല. ദരിദ്രരെ സഹായിക്കുകയും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ പ്രവർത്തിക്കുകയും ചെയ്തു. ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് , ബാബയുടെ സേവാദളും എല്ലാ സേവാവൃത്തിയും ഇരകൾക്ക് ആശ്വാസം നൽകുന്നതിൽ മുൻനിരയിൽ നിന്നത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ അനുയായികൾ ദിവസങ്ങളോളം പൂർണ്ണ സമർപ്പണത്തോടെ സേവനത്തിൽ ഏർപ്പെട്ടിരുന്നു. ദുരിതബാധിത കുടുംബങ്ങളിലേക്ക് എത്തിച്ചേരുന്നതിലും അവശ്യസാധനങ്ങൾ നൽകുന്നതിലും മാനസിക-സാമൂഹിക പിന്തുണ നൽകുന്നതിലും അവർ ഗണ്യമായ സംഭാവനകൾ നൽകി.

സുഹൃത്തുക്കളേ,
ഒറ്റ കൂടിക്കാഴ്ചയിൽ ഒരാളുടെ ഹൃദയം ഉരുകുകയാണെങ്കിൽ, ആരുടെയെങ്കിലും ജീവിതത്തിന്റെ ദിശ മാറിയാൽ, അത് ആ വ്യക്തിയുടെ മഹത്വത്തെ കാണിക്കുന്നു. ഇന്ന് ഈ പരിപാടിയിൽ, സത്യസായി ബാബയുടെ സന്ദേശങ്ങളാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ടവരും, മുഴുവൻ ജീവിതവും രൂപാന്തരപ്പെട്ടവരുമായ നിരവധി പേർ നമുക്കിടയിൽ ഉണ്ട്.
സുഹൃത്തുക്കളേ,
ശ്രീ സത്യസായി ബാബയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സായ് സെൻട്രൽ ട്രസ്റ്റും അനുബന്ധ സംഘടനകളും ഈ സേവനം ഒരു സംഘടിതവും സ്ഥാപനപരവും ദീർഘകാലവുമായ ഒരു സംവിധാനമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഞാൻ സംതൃപ്തനാണ്. ഇന്ന് അത് ഒരു പ്രായോഗിക മാതൃകയായി നമ്മുടെ മുന്നിലുണ്ട്. വെള്ളം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, പോഷകാഹാരം, ദുരന്ത പിന്തുണ, ശുദ്ധമായ ഊർജ്ജം തുടങ്ങിയ മേഖലകളിൽ നിങ്ങളെല്ലാവരും അത്ഭുതകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. ചില സേവന പ്രവർത്തനങ്ങൾ ഞാൻ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, റായലസീമയിൽ കുടിവെള്ളത്തിന് ഗുരുതരമായ പ്രശ്നം ഉണ്ടായപ്പോൾ, ട്രസ്റ്റ് 3,000 കിലോമീറ്ററിലധികം നീളത്തിൽ ഒരു പൈപ്പ്‌ലൈൻ സ്ഥാപിച്ചു. ഒഡീഷയിൽ, വെള്ളപ്പൊക്ക ബാധിത കുടുംബങ്ങൾക്കായി ട്രസ്റ്റ് 1,000 വീടുകൾ നിർമ്മിച്ചു. ശ്രീ സത്യസായി ആശുപത്രികളിൽ ആദ്യമായി സന്ദർശിക്കുന്ന ദരിദ്ര കുടുംബങ്ങൾ പലപ്പോഴും ബില്ലിംഗ് കൗണ്ടർ ഇല്ലാത്തതിനാൽ അത്ഭുത സ്തബ്ധരാകുന്നു. ഇവിടെ ചികിത്സ പൂർണ്ണമായും സൗജന്യമെങ്കിൽകൂടി , രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരു അസൗകര്യവും നേരിടുന്നില്ല എന്നത് അത്യന്തം മഹത്തരമാണ്.
സുഹൃത്തുക്കളെ,
ഇന്ന് തന്നെ 20,000-ത്തിലധികം പെൺമക്കളുടെ പേരിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ തുറന്നു. ഇത് ആ പെൺമക്കളുടെ വിദ്യാഭ്യാസവും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കി.
സുഹൃത്തുക്കളേ,
പെൺമക്കളുടെ വിദ്യാഭ്യാസവും അവരുടെ ശോഭനമായ ഭാവിയും മുൻനിർത്തി 10 വർഷം മുമ്പ് ഇന്ത്യാ ഗവൺമെന്റ് ഈ സുകന്യ സമൃദ്ധി യോജന ആരംഭിച്ചിരുന്നു. നമ്മുടെ പെൺമക്കൾക്ക് 8.2 ശതമാനം എന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികളിൽ ഒന്നാണിത്. ഇതുവരെ, രാജ്യത്തെ 4 കോടിയിലധികം പെൺമക്കളുടെ അക്കൗണ്ടുകൾ സുകന്യ സമൃദ്ധി യോജന പ്രകാരം തുറന്നിട്ടുണ്ട്. ഇതുവരെ 3.25 ലക്ഷം കോടിയിലധികം രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും. ശ്രീ സത്യസായി കുടുംബം ഇവിടെ 20,000 സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കുക എന്ന മഹത്തായ പ്രവൃത്തി ചെയ്തു എന്നത് വളരെ നല്ല ശ്രമമാണ്. ശരി, ഞാൻ കാശിയിൽ നിന്നുള്ള എംപി ആയതുകൊണ്ട് ഞാൻ അവിടെ നിന്ന് ഒരു ഉദാഹരണം പറയാം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, അവിടെ 27,000 പെൺമക്കൾക്ക് ഞങ്ങൾ സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറന്നിരുന്നു. ഓരോ മകളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 300 രൂപ ട്രാൻസ്ഫർ ചെയ്തു. പെൺമക്കളുടെ വിദ്യാഭ്യാസത്തിലും മികച്ച ഭാവിയിലും സുകന്യ സമൃദ്ധി യോജന വലിയ പങ്കു വഹിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ 11 വർഷത്തിനിടയിൽ, പൗരന്മാരുടെ സാമൂഹിക സുരക്ഷാ പരിരക്ഷ ഗണ്യമായി ശക്തിപ്പെടുത്തിയ നിരവധി പദ്ധതികൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ദരിദ്രരും അഗതിതരും തുടർച്ചയായി സാമൂഹിക സുരക്ഷയുടെ പരിധിയിൽ വരുന്നു. 2014 ൽ രാജ്യത്ത് 25 കോടി ആളുകൾ മാത്രമേ സാമൂഹിക സുരക്ഷയുടെ പരിധിയിൽ വന്നിട്ടുള്ളൂ. ഇന്ന് ഞാൻ വളരെ സംതൃപ്തിയോടെ പറയുന്നു, ബാബയുടെ കാൽക്കൽ ഇരുന്നുകൊണ്ട് ഞാൻ പറയുന്നു, ഇന്ന് ഈ സംഖ്യ ഏകദേശം 100 കോടിയിലെത്തിയിരിക്കുന്നു. ഇന്ത്യയുടെ ക്ഷേമ പദ്ധതികളും സാമൂഹിക സുരക്ഷാ പദ്ധതികളും വിദേശത്തും എല്ലാ അന്താരാഷ്ട്ര വേദികളിലും ചർച്ച ചെയ്യപ്പെടുന്നു.
സുഹൃത്തുക്കളേ,
ഇന്ന് തന്നെ എനിക്ക് ഇവിടെ പശുക്കളെ ദാനം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ട്രസ്റ്റ് പാവപ്പെട്ട കർഷക കുടുംബങ്ങൾക്ക് 100 പശുക്കളെ നൽകുന്നു. നമ്മുടെ പാരമ്പര്യത്തിൽ, പശുവിനെ ജീവിതത്തിന്റെയും സമൃദ്ധിയുടെയും കാരുണ്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. ഈ പശുക്കൾ ഈ കുടുംബങ്ങളുടെ സാമ്പത്തിക, പോഷകാഹാര, സാമൂഹിക സ്ഥിരതയെ സഹായിക്കും.
സുഹൃത്തുക്കളേ,
പശുമാതാവിൻ്റെ സംരക്ഷണത്തിലൂടെയുള്ള സമൃദ്ധിയുടെ സന്ദേശം രാജ്യത്തിന്റെ എല്ലാ കോണുകളിലും വിദേശങ്ങളിലും ദൃശ്യമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, രാഷ്ട്രീയ ഗോകുൽ മിഷന്റെ കീഴിൽ, വാരാണസിയിൽ 480-ലധികം ഗിർ പശുക്കളെ വിതരണം ചെയ്തിരുന്നു. ആദ്യം ജനിക്കുന്ന പെൺകിടാവിനെ തിരികെ എടുത്ത് മറ്റൊരു കുടുംബത്തിന് നൽകും എന്ന് എനിക്ക് ഒരു നിയമം ഉണ്ടായിരുന്നു അവിടെ. ഇന്ന്, വാരാണസിയിലെ ഗിർ പശുക്കളുടെയും കിടാവുകളുടെയും എണ്ണം ഏകദേശം 1700 ആയി. അവിടെ വിതരണം ചെയ്ത പശുക്കളിൽ നിന്ന് ജനിക്കുന്ന പെൺകിടാങ്ങളെ മറ്റ് പ്രദേശങ്ങളിലെ കർഷകർക്ക് സൗജന്യമായി നൽകുന്നു എന്നതാണ് ഞങ്ങൾ അവിടെ ആരംഭിച്ച ഒരു പാരമ്പര്യം. അതിനാൽ, ഈ പശുക്കളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 7-8 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലെ റുവാണ്ടയിലേക്കുള്ള എന്റെ സന്ദർശന വേളയിൽ, ഞാൻ അവിടെയുള്ള ഒരു ഗ്രാമം സന്ദർശിക്കുകയും ഇന്ത്യയിൽ നിന്നുള്ള 200 ഗിർ പശുക്കളെ സമ്മാനമായി നൽകുകയും ചെയ്തതായി ഞാൻ ഓർക്കുന്നു. ദാനം നൽകുന്ന ഈ പാരമ്പര്യവും അവിടെ നിലവിലുണ്ട്. "നിങ്ങൾക്ക് ഒരു പശുവിനെ ലഭിക്കട്ടെ" എന്നർത്ഥം വരുന്ന ഗിരിങ്ക എന്നൊരു ആചാരമുണ്ട്, അതിൽ ഒരു പശുവിന് ജനിക്കുന്ന ആദ്യത്തെ പെൺകിടാവിനെ അയൽ കുടുംബത്തിന് ദാനം ചെയ്യുന്നു. ഈ രീതി അവിടെ പോഷകാഹാരം, പാൽ ഉൽപാദനം, വരുമാനം, സാമൂഹിക ഐക്യം എന്നിവ വർദ്ധിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ബ്രസീലും, ഇന്ത്യയിലെ ഗിർ, കാങ്ക്രെജ് ഇനങ്ങളെ ദത്തെടുത്ത് ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ മാനേജ്മെന്റും ഉപയോഗിച്ച് അവയെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഇന്ന്, അവ മികച്ച പാലുൽപ്പാദനത്തിന്റെ ഉറവിടമായി മാറിയിരിക്കുന്നു. പാരമ്പര്യം, കാരുണ്യം, ശാസ്ത്രീയ ചിന്തകൾ എന്നിവ ഒരുമിച്ച് പോകുമ്പോൾ, പശു, വിശ്വാസത്തിന്റെ പ്രതീകമായും, ശാക്തീകരണം, പോഷകാഹാരം, സാമ്പത്തിക പുരോഗതി എന്നിവയ്ക്കുള്ള ഒരു മാർഗമായും മാറുന്നു എന്നാണ് ഈ ഉദാഹരണങ്ങളെല്ലാം കാണിക്കുന്നത്. ഇത്രയും നല്ല ഉദ്ദേശ്യത്തോടെ നിങ്ങൾ ഈ പാരമ്പര്യം ഇവിടെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,
ഇന്ന്, രാജ്യം കർത്തവ്യബോധത്തോടെ ഒരു വികസിത ഇന്ത്യയിലേക്ക് മുന്നേറുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പൗരന്മാരുടെ പങ്കാളിത്തം അത്യാവശ്യമാണ്. ഇതിൽ, സത്യസായി ബാബയുടെ ഈ ജന്മശതാബ്ദി വർഷമാണ് നമ്മുടെ ഏറ്റവും വലിയ പ്രചോദനം. ഈ വർഷം നമ്മൾ പ്രത്യേകിച്ച് വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം ശക്തിപ്പെടുത്താൻ ദൃഢനിശ്ചയം ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, നമ്മൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കണം. നമ്മൾ ഓർക്കണം, നമ്മൾ പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ, നമ്മൾ ഒരു കുടുംബത്തെയും ഒരു ചെറുകിട സംരംഭത്തെയും പ്രാദേശിക വിതരണ ശൃംഖലയെയും നേരിട്ട് ശാക്തീകരിക്കുന്നു. ഇത് ഒരു സ്വാശ്രയ ഇന്ത്യയ്ക്കും വഴിയൊരുക്കുന്നു.
സുഹൃത്തുക്കളേ,
ശ്രീ സത്യസായി ബാബയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിങ്ങളെല്ലാവരും രാഷ്ട്രനിർമ്മാണത്തിന് നിരന്തരം സംഭാവനകൾ നൽകുന്നു. ഈ പുണ്യഭൂമിക്ക് ശരിക്കും ഒരു അത്ഭുതകരമായ ശക്തിയുണ്ട്. ഓരോ സന്ദർശകന്റെയും വാക്കുകളിൽ അനുകമ്പയും, അവരുടെ ചിന്തകളിൽ സമാധാനവും, അവരുടെ പ്രവൃത്തികളിൽ സേവനമനോഭാവവും പ്രകടമാണ്. എവിടെയൊക്കെ ദാരിദ്ര്യമോ കഷ്ടപ്പാടോ ഉണ്ടോ, അവിടെയെല്ലാം നിങ്ങൾ പ്രത്യാശയുടെയും വെളിച്ചത്തിന്റെയും ഒരു ദീപസ്തംഭമായി നിലകൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ആത്മവിശ്വാസത്തോടെ , സത്യസായി കുടുംബത്തിനും, എല്ലാ സ്ഥാപനങ്ങൾക്കും, എല്ലാ സേവന സംഘങ്ങൾക്കും, രാജ്യത്തുടനീളമുള്ള എല്ലാ ഭക്തർക്കും സ്നേഹം, സമാധാനം, സേവനം എന്നിവയുടെ ഈ യജ്ഞം മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.
വളരെ നന്ദി. സായി-റാം!


