പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ദിൽ കീ ബാത്’ പരിപാടിയുടെ ഭാഗമായി ഛത്തീസ്ഗഢിലെ നവാ റായ്പുരിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ ഇന്നു നടന്ന ‘ജീവിതത്തിന്റെ സമ്മാനം’ പരിപാടിയിൽ പങ്കെടുത്തു. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങൾ ചികിത്സയിലൂടെ വിജയകരമായി അതിജീവിച്ച 2500 കുട്ടികളുമായി അദ്ദേഹം സംവദിച്ചു.
ഒരു കുട്ടി ഹോക്കിതാരം താൻ അഞ്ചുമെഡലുകൾ നേടിയിട്ടുണ്ടെന്നും സ്കൂളിൽ നടത്തിയ പരിശോധനയ്ക്കിടെയാണു ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതെന്നും പറഞ്ഞു. ആറുമാസംമുമ്പു ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടി ഇപ്പോൾ വീണ്ടും ഹോക്കി കളിച്ചുതുടങ്ങി. എന്താണ് ആഗ്രഹമെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, ഡോക്ടറാകണമെന്നും എല്ലാ കുട്ടികളെയും ചികിത്സിക്കണമെന്നും കുട്ടി മറുപടി നൽകി. മുതിർന്നവരെയും ചികിത്സിക്കുമോ എന്നാരാഞ്ഞപ്പോൾ, ‘ഉവ്വ്’ എന്ന് ആ പെൺകുട്ടി ആത്മവിശ്വാസത്തോടെ പറഞ്ഞു. ഇതാദ്യമായി പ്രധാനമന്ത്രിയെ കാണാനായതിൽ കുട്ടി ആഹ്ലാദം പ്രകടിപ്പിച്ചു.

മറ്റൊരു കുട്ടി പറഞ്ഞത്, തന്റെ ശസ്ത്രക്രിയ ഒരു വർഷം മുമ്പാണു നടന്നതെന്നാണ്. എല്ലാവരെയും സേവിക്കാനായി താനും ഡോക്ടറാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ആ കുട്ടി പറഞ്ഞു. ചികിത്സയ്ക്കിടെ കരഞ്ഞോ എന്നു ശ്രീ മോദി ആരാഞ്ഞപ്പോൾ, ‘കരഞ്ഞില്ല’ എന്ന് പെൺകുട്ടി മറുപടി നൽകി. തുടർന്ന്, പ്രചോദനാത്മകമായ കവിത ആലപിച്ച കുട്ടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഒരാൺകുട്ടി പറഞ്ഞത്, 2014-ൽ 14 മാസം പ്രായമുള്ളപ്പോൾ ശസ്ത്രക്രിയയ്ക്കു വിധേയനായെന്നാണ്. ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും ക്രിക്കറ്റിൽ സജീവമാണെന്നും കുട്ടി പറഞ്ഞു. പതിവായി ആരോഗ്യപരിശോധനകൾ നടത്തുന്നുണ്ടോ എന്നു പ്രധാനമന്ത്രി ചോദിച്ചു. പരിശോധനകൾ നടത്തുന്നുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കേട്ടതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. താൻ സ്ഥിരമായി ക്രിക്കറ്റ് കളിക്കാറുണ്ടെന്നു കുട്ടി പറഞ്ഞു. പ്രധാനമന്ത്രിയെ അടുത്തുചെന്നു കാണാൻ കുട്ടി ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം അതു സ്നേഹപൂർവം അംഗീകരിക്കുകയും ചെയ്തു.
മറ്റൊരു ബാലനോടു സംസാരിച്ച ശ്രീ മോദി, ആശുപത്രിസന്ദർശനങ്ങളും കുത്തിവയ്പ്പുകളും എങ്ങനെയാണു നേരിട്ടതെന്ന് ആരാഞ്ഞു. പേടി തോന്നിയില്ലെന്നും അത് അതിവേഗം സുഖം പ്രാപിക്കാൻ സഹായിച്ചുവെന്നും കുട്ടി പറഞ്ഞു. അധ്യാപകരുടെ അഭിപ്രായം ചോദിച്ചപ്പോൾ, അവർ തന്റെ പഠനമികവിനെ പ്രശംസിക്കാറുണ്ടെന്നു കുട്ടി പറഞ്ഞു. പ്രധാനമന്ത്രി കുട്ടിയുടെ സത്യസന്ധതയെ പ്രോത്സാഹിപ്പിച്ചു.

പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതിനായി അധ്യാപികയാകാൻ ആഗ്രഹിക്കുന്നതായി മറ്റൊരു ഏഴാം ക്ലാസ് വിദ്യാർഥിനി പ്രധാനമന്ത്രിയോടു പറഞ്ഞു. വിദ്യാഭ്യാസം രാജ്യപുരോഗതിക്കു പ്രധാനമാണെന്നു വിശ്വസിക്കുന്നതായും ബാലിക പറഞ്ഞു.
ആരുടെ ജന്മശതാബ്ദിവർഷമാണ് ഇപ്പോൾ ആരംഭിച്ചതെന്നു പ്രധാനമന്ത്രി കുട്ടികളോടു ചോദിച്ചു. തുടർന്ന്, അതു ശ്രീ സത്യസായി ബാബയുടെതാണെന്നും അദ്ദേഹം പറഞ്ഞു. പുട്ടപർത്തിയിലും പരിസരപ്രദേശങ്ങളിലും നിലനിന്നിരുന്ന കുടിവെള്ളക്ഷാമം ബാബ എങ്ങനെയാണു പരിഹരിച്ചതെന്നും ഏകദേശം 400 ഗ്രാമങ്ങൾക്കു കുടിവെള്ളം എത്തിച്ചതെങ്ങനെയെന്നും ശ്രീ മോദി വിശദീകരിച്ചു. ഭൂമിമാതാവിനും സ്വന്തം അമ്മമാർക്കുമുള്ള ആദരമായി അമ്മയുടെ പേരിൽ മരം നടാൻ ഏവരെയും പ്രോത്സാഹിപ്പിക്കുന്ന “ഏക് പേഡ് മാ കേ നാം” എന്ന യജ്ഞത്തെക്കുറിച്ചു പറഞ്ഞ്, ജലസംരക്ഷണത്തിന്റെയും വൃക്ഷത്തൈ നടലിന്റെയും സന്ദേശത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി.

പശ്ചിമ ബംഗാളിൽ നിന്നുള്ള അഭിക് എന്ന കുട്ടി സൈന്യത്തിൽ ചേരാനും രാഷ്ട്രത്തെ സേവിക്കാനുമാണു തനിക്ക് ആഗ്രഹമെന്നു പറഞ്ഞു. എന്തുകൊണ്ടാണ് അതെന്നു പ്രധാനമന്ത്രി ആരാഞ്ഞപ്പോൾ, സൈനികർ ചെയ്യുന്നതുപോലെ രാജ്യത്തെ സംരക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അഭിക് മറുപടി നൽകി. ദേശസ്നേഹപൂർണമായ അഭിക്കിന്റെ മനോഭാവത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയെ വാർത്തകളിലൂടെ എന്നും കാണാറുണ്ടെന്നു പറഞ്ഞ മറ്റൊരു പെൺകുട്ടി, അദ്ദേഹത്തെ നേരിട്ടു കാണുക എന്നതു വളരെ നാളായുള്ള തന്റെ ആഗ്രഹമായിരുന്നുവെന്നു വ്യക്തമാക്കി.

കുട്ടികളുമായി ഇടപഴകാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ മോദി, ഏതൊരു നല്ല പ്രവൃത്തിയും പൂർത്തിയാക്കാൻ ആരോഗ്യകരമായ ശരീരം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി. യോഗയിലൂടെയും ചിട്ടയായ ശീലങ്ങളിലൂടെയും കൃത്യമായ ഉറക്കത്തിലൂടെയും ആരോഗ്യം നിലനിർത്താൻ അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ക്ഷേമത്തിൽ ശ്രദ്ധാലുവാകണമെന്നു പറഞ്ഞ അദ്ദേഹം, ഈ ശീലങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാകണമെന്നും പറഞ്ഞു. ആശയവിനിമയം അവസാനിപ്പിക്കവേ, എല്ലാ കുട്ടികൾക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.


