75 episodes of Mann Ki Baat: PM Modi thanks people for making the programme a success
Last year around this time, people made Janata Curfew a success: PM Modi Through efforts like clapping, beating thalis and lighting lamps, people encouraged the Corona Warriors: PM Modi
It is a matter of pride that the world's largest vaccination drive is being carried out in India: PM Modi
From education to entrepreneurship, Armed Forces to Science & Technology, the daughters of our country are leading in every sphere: PM Modi
71 Light Houses have been identified in India to promote tourism: PM Modi
Modernisation in India's agriculture sector is need of the hour: PM Modi
Urge farmers to practice bee-farming: PM Modi

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.
മന്‍ കി ബാത്തിനു വേണ്ടിയുള്ള കത്തുകള്‍ വരുമ്പോള്‍, അഭിപ്രായങ്ങള്‍ വരുമ്പോള്‍ പല വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. അവയിലൂടെ ഞാന്‍ കണ്ണോടിക്കുമ്പോള്‍ പലരും ഒരു പ്രധാന കാര്യം ഓര്‍ക്കുന്നതായി കണ്ടു. ങ്യ ഴീ് യില്‍ ആര്യന്‍ശ്രീ, ബാംഗ്ലൂരില്‍ നിന്നും അനൂപ് റാവു, നോയ്ഡയില്‍ നിന്ന് ദേവേശ്, ഠാണേയില്‍ നിന്ന് സുജിത്ത് തുടങ്ങിയവര്‍ ഇങ്ങനെ പറഞ്ഞു, 'മോദിജീ ഇത്തവണ മന്‍ കി ബാത്തിന്റെ 75-ാം പതിപ്പാണല്ലോ. താങ്കള്‍ക്ക് ആശംസകള്‍ നേരുന്നു.' ഇത്രയും സൂക്ഷ്മദൃഷ്ടിയോടു കൂടി നിങ്ങള്‍ മന്‍ കി ബാത്തിനെ പിന്‍തുടരുന്നു. അതുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഞാന്‍ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. ഇത് എന്ന സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. സന്തോഷകരമായ വിഷയമാണ്. ഞാനും നിങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയാണ്. മന്‍ കി ബാത്തിന്റെ എല്ലാ ശ്രോതാക്കളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. കാരണം, നിങ്ങളെ കൂടാതെ ഈ യാത്ര സാധിക്കുമായിരുന്നില്ല. നമ്മള്‍ എല്ലാവരും ചേര്‍ന്ന് ഈ വൈചാരികവും ചിന്താപരവുമായ യാത്ര തുടങ്ങിയത് ഇന്നലെയാണെന്നു തോന്നും. അന്ന് 2014 ഒക്‌ടോബര്‍ 3. പവിത്രമായ വിജയദശമി ദിവസമായിരുന്നു. നിമിത്തമെന്നു പറയട്ടെ, ഇന്ന് ഹോളികാ ദഹനമാണ്. ഒരു ദീപത്തില്‍ നിന്ന് രണ്ടാമത്തേത്. അങ്ങനെ നമ്മുടെ രാഷ്ട്രം മുഴുവന്‍ പ്രകാശപൂരിതമാകട്ടെ - എന്ന ഭാവനയിലൂടെയാണ് നമ്മള്‍ മുന്നോട്ടുള്ള മാര്‍ഗ്ഗം നിശ്ചയിച്ചത്. നമ്മള്‍ രാജ്യത്തിന്റെ ഓരോ കോണിലുമുള്ള ആളുകളുമായി സംവദിച്ച് അവരുടെ അസാധാരണമായ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കി. നമ്മുടെ രാജ്യത്തിന്റെ വിദൂരങ്ങളായ കോണുകളില്‍ എത്ര അത്ഭുതകരമായ കാര്യങ്ങളാണ് ഒളിഞ്ഞു കിടന്നിരുന്നത് എന്ന് നിങ്ങളും അനുഭവിച്ചറിഞ്ഞു. ഭാരതമാതാവിന്റെ മടിത്തട്ടില്‍ ഏതൊക്കെ രീതിയിലുള്ള രത്‌നങ്ങളാണ് വളരുന്നത്! ഇവര്‍ എനിക്ക് സ്വയം സമൂഹത്തെ നോക്കിക്കാണാനും സമൂഹത്തെ മനസ്സിലാക്കാനും സമൂഹത്തിന്റെ കഴിവിനെ തിരിച്ചറിയുവാനുമുള്ള അത്ഭുതകരമായ ഒരനുഭവം തന്നെ പ്രദാനം ചെയ്യുന്നു.
ഈ 75 ഭാഗങ്ങളില്‍ നമ്മള്‍ എത്രയെത്ര വിഷയങ്ങളിലൂടെ കടന്നുപോയി. ചിലപ്പോള്‍ നദികളുടെ കാര്യം. മറ്റുചിലപ്പോള്‍ ഹിമാലയത്തിലെ കൊടുമുടികളുടെ കാര്യം. ചില സന്ദര്‍ഭങ്ങളില്‍ മരുഭൂമികളെപ്പറ്റി. ചിലപ്പോള്‍ പ്രകൃതിദുരന്തങ്ങളുടെ കാര്യമാണെങ്കില്‍ മറ്റുചിലപ്പോള്‍ മനുഷ്യസേവനത്തിന്റെ എണ്ണമില്ലാത്ത കഥകളുടെ അനുഭൂതികള്‍. മറ്റുചിലപ്പോള്‍ സാങ്കേതികതയിലൂന്നിയ കണ്ടുപിടുത്തങ്ങളാണെങ്കില്‍ ചിലപ്പോള്‍ ഏതെങ്കിലും അജ്ഞാതമായ കോണുകളില്‍ നിന്നുള്ള നൂതനങ്ങളായ അനുഭവകഥകള്‍. ശുചിത്വത്തിന്റെ കാര്യം, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍, ഇവ മാത്രമല്ല, കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍. എന്താണ് ഇല്ലാതിരുന്നത് എന്ന് നിങ്ങള്‍ തന്നെ നോക്കൂ. എത്രയെത്ര വിഷയങ്ങള്‍ നമ്മള്‍ സ്പര്‍ശിച്ചു. അവയ്ക്കും എണ്ണമില്ലതന്നെ. ഇതിലൂടെ ഭാരതം കെട്ടിപ്പടുക്കുന്നതില്‍ അതുല്യമായ സംഭവനകള്‍ നല്‍കിയ പല മഹാന്മാര്‍ക്കും നമ്മള്‍ സമയാസമയങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അവരെക്കുറിച്ച് മനസ്സിലാക്കി. നമ്മള്‍ പല ലോകപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. അവയില്‍ നിന്നും പ്രേരണ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. നിങ്ങള്‍ ധാരാളം കാര്യങ്ങള്‍ എനിക്കു പറഞ്ഞുതന്നു. അനേകം ആശയങ്ങള്‍ പ്രദാനം ചെയ്തു. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഈ വൈചാരിക യാത്രയില്‍ നിങ്ങള്‍ എന്നോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. എന്നോടുകൂടി ചേര്‍ന്നുനിന്നു. ചില പുതിയ പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. ഇന്ന് ഈ 75-ാം ഭാഗത്തിന്റെ സമയത്ത് മന്‍ കി ബാത്തിനെ വിജയകരമാക്കുകയും സമൃദ്ധമാക്കുകയും അതിനോടു കൂടിച്ചേരുകയും ചെയ്ത എല്ലാ ശ്രോതാക്കള്‍ക്കും ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എത്ര സുഖകരമായ നിമിത്തമാണെന്നു നോക്കൂ. ഇന്ന് 75-ാം മന്‍ കി ബാത്തിന്റെ സമയമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അമൃതമഹോത്സവത്തിന്റെ ശുഭാരംഭം കുറിക്കുന്നതും ഈ മാസത്തില്‍ തന്നെയാണ്. അമൃതമഹോത്സവത്തിന്റെ തുടക്കം കുറിച്ചത് ദണ്ഡി യാത്രയുടെ അതേ ദിവസമാണ്. ഈ ഉത്സവം 2023 ആഗസ്റ്റ് 15 വരെ തുടര്‍ന്നുപോകും. അമൃതമഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ നമ്മുടെ രാജ്യത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. വെവ്വേറെ സ്ഥലങ്ങളില്‍ നിന്നും പരിപാടിയുടെ ചിത്രങ്ങളും വാര്‍ത്തകളും അറിവുകളും പങ്കുവെച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ചില ചിത്രങ്ങളോടൊപ്പം ഒരു സന്ദേശം ഝാര്‍ഖണ്ഡില്‍ നിന്നുള്ള നവീന്‍ ചമാീ ആപ്പിലൂടെ എനിക്ക് അയച്ചു തന്നിട്ടുണ്ട്. അദ്ദേഹം അമൃതമഹോത്സവത്തിന്റെ പരിപാടികള്‍ കണ്ടു എന്നും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട, ഏറ്റവും കുറഞ്ഞത് 10 സ്ഥലങ്ങളിലെങ്കിലും പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും എനിക്ക് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ലിസ്റ്റിലെ ആദ്യ പേര് ഭഗവാന്‍ ബിര്‍സ മുണ്ഡയുടെ ജന്മസ്ഥലമാണ്. ഝാര്‍ഖണ്ഡിലെ ആദിവാസികളായ സ്വാതന്ത്ര്യസമരസേനാനികളുടെ കഥകള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രചരിപ്പിക്കും എന്നാണ് നവീന്‍ എഴുതിയിരിക്കുന്നത്. അല്ലയോ നവീന്‍, നിങ്ങളുടെ ഈ ചിന്തയ്ക്ക് ഞാന്‍ നന്ദിപറയുന്നു.
സുഹൃത്തുക്കളേ, ഏതെങ്കിലും സ്വാതന്ത്ര്യസമരസേനാനിയുടെ സംഘര്‍ഷങ്ങളുടെ കഥയാകട്ടെ, ഏതെങ്കിലും സ്ഥലത്തിന്റെ ചരിത്രമായിക്കൊള്ളട്ടെ, രാഷ്ട്രത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട കഥകളാകട്ടെ, ഈ അമൃതമഹോത്സവത്തിന്റെ അവസരത്തില്‍ നിങ്ങള്‍ക്ക് അവ രാഷ്ട്രത്തിന്റെ മുന്‍പില്‍ വെച്ച് നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങളെ അതുമായി ബന്ധപ്പെടുത്തുവാനുള്ള മാധ്യമമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
കണ്‍മുന്നില്‍ തന്നെ വളരെ പെട്ടെന്ന് അമൃതമഹോത്സവം അനേകം പ്രേരണപ്രദമായ അമൃതബിന്ദുക്കളെക്കൊണ്ട് നിറയും. പിന്നെ ഒഴുകുന്ന ആ അമൃതധാര നമുക്ക് സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം വരെ പ്രേരണ നല്‍കിക്കൊണ്ടേയിരിക്കും എന്നും നമുക്ക് കാണാവുന്നതാണ്. അത് രാഷ്ട്രത്തെ പുതിയ പുതിയ ഉയരങ്ങളിലെത്തിക്കും. എന്തെങ്കിലും ചെയ്യുവാനുള്ള ആവേശം നമ്മിലുണ്ടാക്കും. സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ സേനാനികള്‍ എത്ര കഷ്ടപ്പാടുകള്‍ സഹിച്ചു. കാരണം, അവര്‍ രാഷ്ട്രത്തിനു വേണ്ടിയുള്ള ത്യാഗത്തേയും ആത്മാഹൂതിയെയും സ്വന്തം കര്‍ത്തവ്യമായി കണക്കാക്കിയിരുന്നു. അവരുടെ ത്യാഗത്തിന്റേയും ആത്മാഹൂതിയുടെയും അനശ്വരഗാഥകള്‍ ഇന്ന് നമ്മെ നിരന്തരം കര്‍ത്തവ്യത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കട്ടെ. ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്,
''നിയതം കുരു കര്‍മ്മ ത്വം കര്‍മ്മ ജ്‌യായോ ഹയ കര്‍മ്മണ:'' - അതേ, ഭാവത്തോടു കൂടി നാമെല്ലാവരും വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായ നിഷ്ഠയോടു കൂടി അനുഷ്ഠിക്കണം. നമ്മള്‍ പുതിയ പ്രതിജ്ഞ എടുക്കണം എന്നതാണ് അമൃതമഹോത്സവം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആ പ്രതിജ്ഞ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയായിരിക്കണം. രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടിയായിരിക്കണം. ഭാരതത്തിന്റെ ഉജ്ജ്വലമായ ഭാവിക്കു വേണ്ടിയുള്ളതായിരിക്കണം. ആ പ്രതിജ്ഞയില്‍ എനിക്ക് സ്വന്തമായി ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകണം. എന്റെ കര്‍ത്തവ്യങ്ങള്‍ അതുമായി ബന്ധപ്പെട്ടിരിക്കണം. ഗീതയനുസരിച്ച് ജീവിക്കാനുള്ള ഈ സുവര്‍ണ്ണാവസരം നമുക്ക് ഉണ്ടായിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ വര്‍ഷം ഇതേ മാര്‍ച്ച് മാസത്തിലാണ് രാജ്യത്തെ ജനങ്ങള്‍ ആദ്യമായി ജനതാ കര്‍ഫ്യൂ എന്ന വാക്ക് കേട്ടത്. എന്നാല്‍ ഈ മഹത്തായ രാജ്യത്തെ മഹാ പ്രജകളുടെ മഹാശക്തിയുടെ അനുഭവം ഒന്നു കേള്‍ക്കൂ. ജനതാ കര്‍ഫ്യൂ ലോകത്തിനു മുഴുവന്‍ ഒരു ആശ്ചര്യമായിരുന്നു. അച്ചടക്കത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമായിരുന്നു അത്. വരും തലമുറ തീര്‍ച്ചയായും ഇക്കാര്യത്തില്‍ അഭിമാനിക്കുക തന്നെ ചെയ്യും. അതുപോലെ തന്നെ നമ്മുടെ കൊറോണ പോരാളികളെ ആദരിക്കുന്നതിനു വേണ്ടി പാത്രം കൊട്ടുക, കൈ കൊട്ടുക, ദീപം തെളിയിക്കുക തുടങ്ങിയവയും. അത് കൊറോണാ പോരാളികളുടെ മനസ്സിനെ എത്ര സ്പര്‍ശിച്ചു എന്നത് നിങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇക്കാരണം കൊണ്ടു തന്നെയാണ് അവര്‍ നീണ്ട ഒരു വര്‍ഷം തളരാതെ, തുടരെ അടിയുറച്ചു നിന്നത്. രാജ്യത്തെ ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കഠിനമായി മല്ലിട്ടുകൊണ്ടിരിക്കുന്നത്. കൊറോണയുടെ വാക്‌സിന്‍ എപ്പോള്‍ വരും എന്നതായിരുന്നു കഴിഞ്ഞവര്‍ഷം ഇതേ സമയത്തെ ചോദ്യം. സുഹൃത്തുക്കളേ, ഇന്ന് ഭാരതത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടി നടന്നുവരികയാണ് എന്നത് നമുക്ക് അഭിമാനകരമായ കാര്യമാണ്. വാക്‌സിനേഷന്‍ പരിപാടിയുടെ ചിത്രങ്ങളെ കുറിച്ച് ഭുവനേശ്വറിലെ പുഷ്പ ശുക്ല എനിക്ക് എഴുതിയിരുന്നു. വാക്‌സിന്‍ വന്നപ്പോള്‍ വീട്ടിലെ പ്രായമായവരില്‍ ഉത്സാഹം വര്‍ദ്ധിച്ചിരിക്കുകയാണെന്നും അതിനെക്കുറിച്ച് ഞാന്‍ മന്‍ കി ബാത്തില്‍ സൂചിപ്പിക്കണമെന്നുമാണ് അവര്‍ പറയുന്നത്. ശരിയാണ് സുഹൃത്തുക്കളെ ശരിയാണ്, രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും നമ്മള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. യു പിയിലെ ജൗന്‍പൂരില്‍ നിന്ന് 109 വയസ്സുള്ള വൃദ്ധയായ അമ്മ രാമദുലൈയാ വാക്‌സിനേഷന്‍ എടുത്തുകഴിഞ്ഞു. അതുപോലെ ഡല്‍ഹിയിലും 107 വയസ്സുള്ള ശ്രീ കേവല്‍കൃഷ്ണയും വാക്‌സിന്‍ എടുത്തുകഴിഞ്ഞു. അതുപോലെ ഹൈദരാബാദില്‍ 100 വയസ്സുള്ള ശ്രീ ജയ ചൗധരിയും വാക്‌സിന്‍ എടുത്തു. തീര്‍ച്ചയായും എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നാണ് ഇവരെല്ലാം അപേക്ഷിക്കുന്നത്. ജനങ്ങള്‍ അവരുടെ വീട്ടിലെ പ്രായമായവര്‍ക്ക് വാക്‌സിന്‍ എടുത്തശേഷം അവരുടെ ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്യുന്നത് ഞാന്‍ കാണുന്നുണ്ട്. കേരളത്തിലെ ഒരു യുവാവ് ആനന്ദന്‍ നായര്‍ ഇതിന് ഒരു പുതിയ പദം നല്‍കിയിരിക്കുന്നു, ''വാക്‌സിന്‍ സേവനം''. ഇതുപോലുള്ള സന്ദേശങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് ശിവാനിയും ഹിമാചലില്‍ നിന്ന് ഹിമാംശുവും മറ്റു പല യുവാക്കളും അറിയിച്ചിരിക്കുന്നു. ഞാന്‍ നിങ്ങള്‍ എല്ലാ ശ്രോതാക്കളുടെയും ചിന്തകളെ പ്രശംസിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെയൊക്കെ ഇടയിലും കൊറോണയോട് യുദ്ധം എന്ന മന്ത്രം തീര്‍ച്ചയായും ഓര്‍ക്കണം. മരുന്നും വേണം, നിഷ്‌ക്കര്‍ഷയും വേണം. പക്ഷേ, എനിക്കു പറയാനുള്ളത് അതല്ല, നമുക്കും ജീവിക്കണം. സംവദിക്കണം. മറ്റുള്ളവരോടു പറയണം, 'മരുന്നും അനിവാര്യം നിഷ്‌ക്കര്‍ഷയും അനിവാര്യം'. ഇതിനുവേണ്ടി മറ്റുള്ളവരേയും പ്രതിബദ്ധരാക്കിക്കൊണ്ടിരിക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എനിക്ക് ഇന്‍ഡോറില്‍ താമസിക്കുന്ന ശ്രീമതി സൗമ്യയ്ക്ക് ഇന്ന് നന്ദി പറയേണ്ടതുണ്ട്. അവര്‍ ഒരു വിഷയത്തിലേക്ക് എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അതിനെക്കുറിച്ച് മന്‍ കി ബാത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞു. ''ഭാരതത്തിലെ ക്രിക്കറ്റര്‍ മിതാലി രാജിന്റെ പുതിയ റെക്കോര്‍ഡ്'' ഇതാണ് വിഷയം. ഈയിടെ അന്താരാഷ്ട്രീയ ക്രിക്കറ്റില്‍ ശ്രീമതി മിതാലി പതിനായിരം റണ്‍ തികച്ച ഭാരതത്തിലെ ആദ്യ വനിതാ ക്രിക്കറ്റര്‍ ആയിരിക്കുകയാണ്. അവരുടെ ഈ നേട്ടത്തില്‍ ഒരായിരം അഭിനന്ദനങ്ങള്‍. ഏകദിന ക്രിക്കറ്റിലും ഏഴായിരം റണ്‍ എടുത്ത ഏക അന്താരാഷ്ട്ര വനിതാ കളിക്കാരിയും അവര്‍ തന്നെ. വനിതാ ക്രിക്കറ്റിന്റെ മണ്ഡലത്തില്‍ അവരുടെ സംഭാവന മഹത്തരമാണ്. രണ്ടു ദശകങ്ങളിലേറെ നീണ്ട തന്റെ കരിയറില്‍ ശ്രീമതി മിതാലി രാജ് ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രേരണയായി. അവരുടെ കഠിനമായ പരിശ്രമത്തിന്റേയും വിജയത്തിന്റേയും കഥ വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് മാത്രമല്ല, പുരുഷ ക്രിക്കറ്റര്‍മാര്‍ക്കും പ്രേരകമാണ്.
സുഹൃത്തുക്കളേ, ഈ മാര്‍ച്ച് മാസത്തില്‍ നമ്മള്‍ വനിതാദിനം ആഘോഷിച്ചപ്പോള്‍ അനേകം വനിതാ കളിക്കാര്‍ മെഡലുകളും റെക്കോര്‍ഡുകളും സ്വന്തമാക്കി എന്നത് മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഐ എസ് എസ് എഫ് ലോക കപ്പ് ഷൂട്ടിംഗില്‍ ഭാരതം ഒന്നാമതായി. സ്വര്‍ണ്ണ മെഡലിന്റെ എണ്ണത്തില്‍ ഭാരതം മത്സരിച്ച് മുന്നേറി. ഭാരതത്തിലെ വനിതാ-പുരുഷ ഷൂട്ടര്‍മാരുടെ ഉജ്ജ്വലമായ പ്രകടനമാണ് ഇതിന് കാരണമായത്. ഇതിനിടയില്‍ ശ്രീമതി പി വി സിന്ധു ബി ഡബ്ല്യൂ എഫ് സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണ്ണമെന്റില്‍ വെള്ളിമെഡല്‍ നേടി. ഇന്ന് വിദ്യാഭ്യാസം മുതല്‍ സംരംഭകത്വത്തില്‍ വരെ, സായുധസേന മുതല്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വരെ രാഷ്ട്രത്തിന്റെ പെണ്‍മക്കള്‍ തങ്ങളുടേതായ വ്യക്തിത്വം നേടിക്കഴിഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ സ്‌പോര്‍ട്‌സില്‍ തങ്ങളുടേതായ പുതിയ സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു എന്നത് എനിക്ക് പ്രത്യേക സന്തോഷം നല്‍കുന്ന കാര്യമാണ്. പ്രൊഫഷണല്‍ ചോയ്‌സ് എന്ന നിലയില്‍ സ്‌പോര്‍ട്‌സ് ഇഷ്ടവിഷയമായി ഉയര്‍ന്നു വന്നിരിക്കുകയാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചുകാലം മുന്‍പു നടന്ന ''മാരിടൈം ഇന്ത്യ സമ്മിറ്റ്'' നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? ആ ഉച്ചകോടിയില്‍ ഞാന്‍ എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? എത്ര കാര്യങ്ങള്‍ നടക്കുന്നു. എല്ലാ കാര്യങ്ങളും എങ്ങനെ ഓര്‍ത്തുവെയ്ക്കും. എത്രത്തോളം ശ്രദ്ധിക്കാന്‍ പറ്റും എന്നൊക്കെ ചിന്തിക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ എന്റെ ഒരാഗ്രഹത്തെ ശ്രീ ഗുരുപ്രസാദ് വളരെ താല്പര്യത്തോടു കൂടി മുന്നോട്ടു കൊണ്ടുപോയി എന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ ഉച്ചകോടിയില്‍ ഞാന്‍ രാജ്യത്തെ ലൈറ്റ് ഹൗസ് കോംപ്ലക്‌സുകള്‍ക്ക് സമീപത്ത് ടൂറിസം സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ശ്രീ ഗുരുപ്രസാദ് തമിഴ്‌നാട്ടിലെ രണ്ട് ലൈറ്റ് ഹൗസുകള്‍ - ചെന്നൈ ലൈറ്റ് ഹൗസും മഹാബലിപുരം ലൈറ്റ് ഹൗസും - 2019 ല്‍ സന്ദര്‍ശിച്ച തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. മന്‍ കി ബാത്തിന്റെ ശ്രോതാക്കളെ അത്ഭുതപരതന്ത്രരാക്കുന്ന ധാരാളം രസകരമായ കാര്യങ്ങള്‍ അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ഉദാഹരണമായി എലിവേറ്റര്‍ ഉള്ള ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ലൈറ്റ് ഹൗസുകളില്‍ ഒന്നാണ് ചെന്നൈ ലൈറ്റ് ഹൗസ്. ഇതു മാത്രമല്ല, നഗരാതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഭാരതത്തിലെ ഏക ലൈറ്റ് ഹൗസാണ് ഇത്. ഇതില്‍ വൈദ്യുതിക്കു വേണ്ടിയുള്ള സോളാര്‍ പാനലുകള്‍ ഉണ്ട്. മറൈന്‍ നാവിഗേഷന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലൈറ്റ് ഹൗസിലെ പൈതൃക മ്യൂസിയത്തെ കുറിച്ചും ശ്രീ ഗുരുപ്രസാദ് പറഞ്ഞിരിക്കുന്നു. മ്യൂസിയത്തില്‍ എണ്ണയില്‍ എരിയുന്ന വലിയ വലിയ വിളക്കുകള്‍, മണ്ണെണ്ണ വിളക്കുകള്‍, പെട്രോളിയം വേപ്പര്‍ ലാമ്പ്, പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വൈദ്യുത വിളക്കുകള്‍ മുതലായവയൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭാരതത്തിലെ ഏറ്റവും പുരാതനമായ മഹാബലിപുരം ലൈറ്റ് ഹൗസിനെ പറ്റിയും ശ്രീ ഗുരുപ്രസാദ് വളരെ വിസ്തരിച്ചു എഴുതിയിട്ടുണ്ട്. ഈ ലൈറ്റ് ഹൗസിന്റെ സമീപം പല്ലവ രാജാവ് മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഉല്‍ക്കനേശ്വര ക്ഷേത്രവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.
സ്‌നേഹിതരേ, മന്‍ കീ ബാത്തില്‍ ഞാന്‍ യാത്രയുടെ വിവിധ വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഈ ലൈറ്റ് ഹൗസ് ടൂറിസം സമാനതകള്‍ ഇല്ലാത്തതാണ്. സുന്ദരമായ നിര്‍മ്മാണരീതി കൊണ്ട് ഈ ലൈറ്റ് ഹൗസുകള്‍ എന്നും ജനങ്ങള്‍ക്ക് ആകര്‍ഷണകേന്ദ്രങ്ങളായിരുന്നു. വിനോദസഞ്ചാരം അഭിവൃദ്ധിപ്പെടുത്തുന്നതിന് ഭാരതത്തില്‍ 71 ലൈറ്റ് ഹൗസുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ എല്ലാ ലൈറ്റ് ഹൗസുകളിലും അവരവരുടെ കഴിവിനനുസരിച്ച് മ്യൂസിയം, ആംഫി തിയേറ്റര്‍, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, കഫറ്റീരിയ, കുട്ടികളുടെ പാര്‍ക്ക്, പരിസ്ഥിതി സൗഹൃദ കോട്ടേജുകള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ് മുതലായവ തയ്യാറാക്കും. അതുപോലെ ലൈറ്റ് ഹൗസുകളെ കുറിച്ച് പറയുന്ന ഈ വേളയില്‍ പ്രത്യേകതകളുള്ള ലൈറ്റ് ഹൗസിനെ കുറിച്ച് ഞാന്‍ നിങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുന്നു. ഈ ലൈറ്റ് ഹൗസ് ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലുള്ള ജിന്‍ഝുവാഡ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ലൈറ്റ് ഹൗസിന്റെ പ്രത്യേകത എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും നൂറു കിലോമീറ്ററിലധികം ദൂരത്താണ് ഇപ്പോള്‍ സമുദ്രതീരം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇവിടെ എപ്പോഴോ ഒരുകാലത്ത് തിരക്കുള്ള ഒരു തുറമുഖം ഉണ്ടായിരുന്നുവെന്ന് വിളിച്ചു പറയുന്ന കല്ലുകളും ഈ ഗ്രാമത്തില്‍ നിന്ന് നമുക്ക് ലഭിക്കും. അതായത്, മുന്‍പ് സമുദ്രതീരം ജിന്‍ഝുവാഡ വരെ ആയിരുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സമുദ്രം പിന്നിലോട്ടു വലിയുന്നതും കയറി വരുന്നതും ഇതിന്റെ ഒരു രൂപമാകുന്നു. ജപ്പാനില്‍ ഭയങ്കര സുനാമിയുണ്ടായിട്ട് ഈ മാസം 10 വര്‍ഷം തികയുകയാണ്. ഈ സുനാമിയില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായി. ഇതുപോലെ ഒരു സുനാമി 2004 ല്‍ ഇന്ത്യയിലും വന്നു. ആ സുനാമിയില്‍ ആന്‍ഡമാന്‍ നിക്കോബറിലെയും തമിഴ്‌നാട്ടിലെയും ലൈറ്റ് ഹൗസുകളില്‍ പണിയെടുത്തിരുന്ന 14 ജോലിക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു. കഠിനപ്രയത്‌നം ചെയ്തിരുന്ന ഈ ലൈറ്റ് ഹൗസ് കീപ്പേഴ്‌സിന് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഒപ്പം അവരുടെ ജോലിയെ മുക്തകണ്ഠം പ്രശംസിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ജീവിതത്തിന്റെ എല്ലാ തുറയിലും പുതുമ, ആധുനികത അനിവാര്യമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ജീവിതം ഭാരമായിത്തീരും. ഇന്ത്യയുടെ കാര്‍ഷിക ലോകത്തില്‍ ആധുനികത കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോള്‍ തന്നെ വളരെ വൈകിപ്പോയി. നമ്മള്‍ ഒരുപാട് സമയം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. കാര്‍ഷികമേഖലയില്‍ പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പരമ്പരാഗത കൃഷിയോടൊപ്പം പുതിയ പുതിയ രീതികളും സ്വായത്തമാക്കേണ്ടത് അത്യാവശ്യമാണ്. ധവള വിപ്ലവത്തിന്റെ സമയത്ത് നമ്മള്‍ ഇത് മനസ്സിലാക്കിയതാണ്. ഇപ്പോള്‍ തേനീച്ച വളര്‍ത്തല്‍ ഇത്തരത്തില്‍ ഒരു പുതിയ മേഖലയായി ഉയര്‍ന്നുവരികയാണ്. തേനീച്ച വളര്‍ത്തല്‍ നമ്മുടെ രാജ്യത്ത് തേന്‍ വിപ്ലവം അല്ലെങ്കില്‍ സ്വീറ്റ് റെവല്യൂഷന് അടിത്തറ പാകുകയാണ്. കര്‍ഷകരില്‍ വലിയൊരു സംഖ്യ ഇതുമായി സഹകരിക്കുകയാണ്. ഈ മേഖലയില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരികയാണ്. ഉദാഹരണത്തിന് ബംഗാളിലെ ഡാര്‍ജലിംഗിലെ ഒരു ഗ്രാമമാണ് ഗുര്‍ദും. ഉയര്‍ന്ന മലനിരകളുടെയും ഭൂമിശാസ്ത്രപരമായ മറ്റു പ്രയാസങ്ങളുടെയും ഇടയിലും ഇവിടെ കര്‍ഷകര്‍ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടു. ഇന്ന് ഇവിടെ ഉല്പാദിപ്പിക്കുന്ന തേനിന് ആവശ്യക്കാര്‍ ഏറെയാണ്. ആയതിനാല്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുന്നു. ബംഗാളിലെ സുന്ദര്‍ബന്‍ മേഖലയിലെ ഒര്‍ഗാനിക് തേന്‍ രാജ്യത്തിനു പുറത്തും ഇഷ്ടപ്പെട്ടുവരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ എനിക്കൊരു വ്യക്തിഗത അനുഭവവും ഉണ്ട്. ഗുജറാത്തിലെ ബനാസ്‌കാണ്‍ഠായില്‍ 2016 ല്‍ ഒരു പരിപാടിയുണ്ടായി. ആ പരിപാടിയില്‍ ഞാന്‍ ജനങ്ങളോട് ചോദിച്ചു, ഇവിടെയുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി എന്തുകൊണ്ട് ബനാസ്‌കാണ്‍ഠയില്‍ നമുക്ക് സ്വീറ്റ് റെവല്യൂഷന്റെ ഒരു പുതിയ അദ്ധ്യായം കുറിച്ചുകൂടാ? സുഹൃത്തുക്കളേ, അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. വളരെ കുറച്ച് സമയത്തിനുള്ളില്‍ ബനാസ്‌കാണ്‍ഠാ തേന്‍ ഉല്പാദനത്തിന്റെ പ്രമുഖ കേന്ദ്രമായി മാറി. ഇന്ന് ബനാസ്‌കാണ്‍ഠയിലെ കര്‍ഷകര്‍ തേന്‍ ഉല്പാദനത്തിലൂടെ വര്‍ഷംതോറും ലക്ഷക്കണക്കിനു രൂപ സമ്പാദിക്കുന്നു. ഇതിനു സമാനമായ ഉദാഹരണം ഹരിയാനയിലെ യമുനാ നഗറിലും ഉണ്ട്. യമുനാ നഗറിലെ കര്‍ഷകര്‍ വര്‍ഷം തോറും നൂറുകണക്കിന് ടണ്‍ തേന്‍ ഉല്പാദിപ്പിച്ച് തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകരുടെ ഈ പ്രയത്‌നത്തിന്റെ ഫലമായി രാജ്യത്ത് തേന്‍ ഉല്പാദനം നിരന്തരമായി വര്‍ദ്ധിക്കുന്നു. തേനിന്റെ വാര്‍ഷിക ഉല്പാദനം ഏകദേശം ഒന്നേകാല്‍ ലക്ഷം ടണ്‍ ആയതിനോടൊപ്പം വലിയ അളവില്‍ നമ്മള്‍ തേന്‍ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, തേനീച്ച വളര്‍ത്തലില്‍ വരുമാനം തേനില്‍ നിന്നു മാത്രമല്ല, ബീ വാക്‌സും വരുമാനത്തിന്റെ ഒരു വലിയ സ്രോതസ്സാണ്. ഫാര്‍മ ഇന്‍ഡസ്ട്രിയില്‍, ഭക്ഷ്യോല്പാദന മേഖലയില്‍, ടെക്‌സ്റ്റൈല്‍ - കോസ്മറ്റിക് ഇന്‍ഡസ്ട്രിയിലും ബീ വാക്‌സിന് വലിയ ഡിമാന്റാണ്. നമ്മുടെ രാജ്യം ഇപ്പോള്‍ ബീ വാക്‌സ് ഇറക്കുമതി ചെയ്യുകയാണ്. പക്ഷേ, നമ്മുടെ കര്‍ഷകര്‍ ഈ സ്ഥിതിയില്‍ വേഗം മാറ്റം വരുത്തുകയാണ്. അതായത്, അവര്‍ ആത്മനിര്‍ഭര്‍ ഭാരത് യജ്ഞത്തിനു സഹായിക്കുന്നു. ഇന്ന് ലോകം മുഴുവന്‍ ആയുര്‍വേദത്തിലും നാച്യുറല്‍ ഹെല്‍ത്ത് പ്രോഡക്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആയതിനാല്‍ തേനിന്റെ ഡിമാന്റ് വളരെ വേഗം വര്‍ദ്ധിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ മറ്റു കൃഷിയോടൊപ്പം തേനീച്ച വളര്‍ത്തലിലും പങ്കാളികളാകണമെന്നാണ് എന്റെ ആഗ്രഹം. ഇതിനാല്‍ വരുമാനം വര്‍ദ്ധിക്കുന്നതിനോടൊപ്പം അവരുടെ ജീവിതത്തില്‍ മാധുര്യം കലരുകയും ചെയ്യും.
പ്രിയപ്പെട്ട ദേശവാസികളേ, ഈ അടുത്ത കാലത്താണല്ലോ വേള്‍ഡ് സ്പാരോ ഡേ ആഘോഷിക്കപ്പെട്ടത്. സ്പാരോ അതായത് അടയ്ക്കാ കുരുവി. പലയിടത്തും പല പേരുകളിലാണ് ഈ കിളി അറിയപ്പെടുന്നത്. നമ്മുടെ വീടിന്റെ മതിലുകളില്‍, അടുത്തുള്ള വൃക്ഷങ്ങളില്‍ ഈ കുരുവികള്‍ ചിലയ്ക്കുമായിരുന്നു. കുരുവിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ആളുകള്‍ പറയുന്നത്, അവസാനമായി കുരുവിയെ കണ്ടത് വര്‍ഷങ്ങള്‍ മുന്‍പാണ് എന്നാണ്. ഇന്ന് അവയെ സംരക്ഷിക്കാന്‍ നമ്മള്‍ പാടുപെടുന്നു. ബനാറസിലെ എന്റെയൊരു കൂട്ടുകാരന്‍ ഇന്ദ്രപാല്‍ സിംഗ് ബത്ര ഇതിനോടനുബന്ധിച്ച് ചെയ്യുന്ന കാര്യം ഞാന്‍ മന്‍ കി ബാത്തിന്റെ ശ്രോതാക്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ശ്രീ ബത്ര അദ്ദേഹത്തിന്റെ വീടിനെ തന്നെ കുരുവികളുടെ കൂടാക്കി മാറ്റിയിരിക്കുന്നു. അദ്ദേഹം തന്റെ വീട്ടില്‍ കുരുവികള്‍ക്ക് എളുപ്പത്തില്‍ താമസിക്കാനായി തടികൊണ്ട് കൂടു നിര്‍മ്മിച്ചു. ഇന്ന് ബനാറസിലെ പല വീട്ടുകാരും ഈ ഉദ്യമവുമായി സഹകരിക്കുന്നു. ആയതിനാല്‍ വീടുകളില്‍ പ്രകൃതിയുമായി ചേരുന്ന അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പ്രകൃതി, പരിസ്ഥിതി, പ്രാണികള്‍, പക്ഷികള്‍ ഇവയില്‍ ഏതിന്റെ ഉന്നമനത്തിനായാലും നമ്മള്‍ പരിശ്രമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിജയ്കുമാര്‍ കാബി എന്ന സുഹൃത്തിനെപ്പറ്റി പറയാം. അദ്ദേഹം ഒഡീഷയിലെ കേന്ദ്രപാറയില്‍ താമസിക്കുന്നു. കേന്ദ്രപാറ സമുദ്രതീരപ്രദേശമാണ്. ആയതിനാല്‍ ഇവിടത്തെ പല ഗ്രാമങ്ങളും സമുദ്രത്തിലെ ഉയര്‍ന്ന തിരമാലകളുടെയും ചുഴലിക്കാറ്റിന്റെയും ഭീഷണിയിലാണ്. പലപ്പോഴും പലതരം നാശനഷ്ടങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രകൃതിദുരന്തത്തിന് തടയിടാന്‍ പ്രകൃതിയെ കൊണ്ടേ സാധിക്കുകയുള്ളൂ എന്ന് ശ്രീ വിജയ്കുമാറിന് മനസ്സിലായി. പിന്നെ എന്തുണ്ടായി? ബഡാകോട്ട് ഗ്രാമത്തില്‍ നിന്നും ശ്രീ വിജയ്കുമാര്‍ തന്റെ യജ്ഞത്തിന് തുടക്കമിട്ടു. അദ്ദേഹം 12 വര്‍ഷം, സ്‌നേഹിതരേ, 12 വര്‍ഷം കഠിനമായി പ്രയത്‌നിച്ചു. ഗ്രാമത്തിന്റെ വെളിയില്‍ സമുദ്രത്തിലേക്ക് 25 ഏക്കറോളം കണ്ടല്‍ക്കാട് വെച്ചുപിടിപ്പിച്ചു. ഇന്ന് ഈ കാട് ഗ്രാമത്തെ സംരക്ഷിക്കുന്നു. ഇതുപോലൊരു കാര്യം ഒഡീഷയിലെ പാരദ്വീപ് ജില്ലയിലെ എഞ്ചിനീയര്‍ അമരേശ് സാമന്തും ചെയ്തു. ശ്രീ അമരേശ് ചെറിയ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിച്ച് പല ഗ്രാമങ്ങളെയും രക്ഷിക്കുന്നു.
സുഹൃത്തുക്കളേ, ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ സമൂഹത്തെ പങ്കെടുപ്പിച്ചാല്‍ വളരെ നല്ല ഫലം കിട്ടും. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ബസ് കണ്ടക്ടറായ മാരിമുത്തു യോഗനാഥന്‍ അങ്ങനെ ഒരു കാര്യമാണ് ചെയ്തത്. ശ്രീ യോഗനാഥന്‍ ബസ്സിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനോടൊപ്പം ഓരോ വൃക്ഷത്തൈയും നല്‍കി. ഇത്തരത്തില്‍ അദ്ദേഹം എത്രയെത്ര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുകാണും! ശ്രീ യോഗനാഥന്‍ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇതിനായി ചെലവഴിച്ചുവരുന്നു. ഇത് കേട്ടതിനുശേഷം ശ്രീ മാരിമുത്തു യോഗനാഥന്റെ പരിശ്രമങ്ങളെ പ്രകീര്‍ത്തിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? അദ്ദേഹത്തിന്റെ ഈ പ്രോത്സാഹനജനകമായ കാര്യത്തിന് ഞാന്‍ അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മാലിന്യത്തില്‍ നിന്ന് സമ്പത്ത്, 'കചരെ സേ കഞ്ചന്‍', അതായത് മാലിന്യത്തില്‍ നിന്ന് സ്വര്‍ണ്ണം ഉണ്ടാക്കുന്നതിനെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, മറ്റുള്ളവരോട് പറയാറുമുണ്ട്. മാലിന്യത്തെ മൂല്യവത്താക്കാനുള്ള കാര്യങ്ങളും ചെയ്തുവരുന്നു. ഇതിന് ഉദാഹരണം കേരളത്തിലെ സെന്റ് തെരേസാസ് കോളേജില്‍ കാണാന്‍ സാധിക്കും. ഞാന്‍ അവിടെ 2017 ല്‍ വായനയുമായി ബന്ധപ്പെട്ട് ഒരു പരിപാടിയില്‍ പങ്കെടുത്തത് ഓര്‍ക്കുന്നു. ഇപ്പോള്‍ ഈ കോളേജിലെ കുട്ടികള്‍ റീ യൂസബിള്‍ ടോയ്‌സ് ഉണ്ടാക്കുന്നു. അതും വളരെ ക്രിയാത്മകമായി. ഇവിടത്തെ കുട്ടികള്‍ പഴയ തുണി, വലിച്ചെറിയപ്പെട്ട തടിക്കഷണങ്ങള്‍, ബാഗുകള്‍, ബോക്‌സുകള്‍ എന്നിവകൊണ്ട് കളിപ്പാട്ടം ഉണ്ടാക്കുന്നു. ചിലര്‍ കളിയുപകരണങ്ങള്‍ നിര്‍മ്മിക്കുന്നു. ചിലര്‍ കാര്‍, ചിലര്‍ ട്രെയിന്‍ ഉണ്ടാക്കുന്നു. കളിപ്പാട്ടങ്ങള്‍ സുരക്ഷിതമാക്കുന്നതിനോടൊപ്പം ചൈല്‍ഡ് ഫ്രണ്ട്‌ലി ആക്കുവാനും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഈ ഉദ്യമത്തിലെ വളരെ നല്ലൊരു കാര്യം ഇവര്‍ ഇത് അങ്കണവാടിയിലെ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്നുള്ളതാണ്. ഇന്ന് ഇന്ത്യ കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണത്തില്‍ വളരെ മുന്‍പന്തിയിലാണെങ്കിലും മാലിന്യത്തില്‍ നിന്നും മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉണ്ടാക്കുന്ന ഈ യജ്ഞം, ഈ നൂതന പരീക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ശ്രീനിവാസ് പദകാണ്ഡല എന്നൊരു പ്രൊഫസര്‍ ഉണ്ട്. അദ്ദേഹം വളരെ രസകരമായ കാര്യമാണ് ചെയ്യുന്നത്. അദ്ദേഹം ഓട്ടോമൊബൈല്‍ മെറ്റല്‍ സ്‌ക്രാപ്പില്‍ നിന്നും ശില്പങ്ങള്‍ ഉണ്ടാക്കി. അദ്ദേഹം ഉണ്ടാക്കിയ ഈ വലിയ ശില്പങ്ങള്‍ പബ്ലിക് പാര്‍ക്കുകളില്‍ സ്ഥാപിക്കപ്പെടുന്നു. ആളുകള്‍ വളരെ ഉത്സാഹത്തോടെ അവയെ കാണുന്നു. ഇലക്‌ട്രോണിക് ആന്‍ഡ് ഓട്ടോമൊബൈല്‍ വേസ്റ്റ് റീസൈക്ലിംഗില്‍ ഇതൊരു നൂതന പരീക്ഷണമാണ്. ഞാന്‍ ഒരിക്കല്‍ക്കൂടി കൊച്ചിയിലെയും വിജയവാഡയിലെയും പ്രയത്‌നങ്ങളെ പ്രശംസിക്കുന്നു. കൂടുതല്‍ ആളുകള്‍ ഇത്തരം പ്രയത്‌നങ്ങളില്‍ ഏര്‍പ്പെടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ത്യാക്കാര്‍ ലോകത്ത് എവിടെ ചെന്നാലും അവര്‍ ഇന്ത്യക്കാരാണ് എന്ന് അഭിമാനത്തോടെ പറയുന്നു. നമ്മള്‍ നമ്മുടെ യോഗ, ആയുര്‍വേദം, ഫിലോസഫി എന്നിവയെപ്പറ്റി അഭിമാനപൂര്‍വ്വം സംസാരിക്കുന്നു. ഇതിനോടൊപ്പം നമ്മുടെ പ്രാദേശിക ഭാഷ, വേഷം, ഐഡന്റിറ്റി, ഭക്ഷണം ഇവയില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. നമുക്ക് പുതിയ കാര്യങ്ങള്‍ നേടണം. അതാണ് ജീവിതം. പക്ഷേ, പഴയതിനെ ഉപേക്ഷിക്കാനും പാടില്ല. നമ്മള്‍ ഒരുപാട് യത്‌നിച്ച് നമുക്ക് ചുറ്റുമുള്ള വലിയ സാംസ്‌കാരിക പൈതൃകത്തെ പരിപോഷിപ്പിച്ച് പുതിയ തലമുറയിലേക്ക് കൈമാറേണ്ടതാണ്. ഇക്കാര്യമാണ് വളരെ ഉത്സാഹത്തോടെ അസമിലെ സികാരി ടിസൗ ചെയ്യുന്നത്. കര്‍ബി ആഗ്ലോണ്‍ ജില്ലയിലെ സികാരി ടിസൗ കഴിഞ്ഞ 20 വര്‍ഷമായി കര്‍ബി ഭാഷയുടെ ഡോക്യുമെന്റേഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരുകാലത്ത് കര്‍ബി ആദിവാസികളുടെ ഭാഷയായിരുന്ന കര്‍ബി ഇന്ന് മുഖ്യധാരയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ഈ ഐഡന്റിറ്റി സംരക്ഷിക്കണമെന്ന് ശ്രീ ടിസൗ തീരുമാനിച്ചു. ഇന്ന് അദ്ദേഹത്തിന്റെ പ്രയത്‌നഫലമായി കര്‍ബി ഭാഷയുടെ വളരെയധികം കാര്യങ്ങള്‍ ഡോക്യുമെന്റഡ് ആയിക്കഴിഞ്ഞു. തന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ പിടിച്ചു പറ്റുന്നതിനോടൊപ്പം അദ്ദേഹത്തിന് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മന്‍ കീ ബാത്തിലൂടെ ഞാന്‍ ശ്രീമാന്‍ സികാരി ടിസൗവിനെ അഭിനന്ദിക്കുന്നതോടൊപ്പം ഇതുപോലുള്ള ഉദ്യമങ്ങളില്‍ ഏര്‍പ്പെട്ട് വര്‍ഷങ്ങളായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ പല കോണിലുമുള്ള മറ്റു തപസ്വികളെയും അഭിനന്ദനം അറിയിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏതൊരു പുതിയ തുടക്കവും അതായത് ന്യൂ ബിഗിനിംഗ് എപ്പോഴും പ്രത്യേകതയുള്ളതായിരിക്കും. ന്യൂ ബിഗിനിംഗ് എന്നാല്‍ പുതിയ സാധ്യതകള്‍, പുതിയ പ്രയത്‌നങ്ങള്‍. പുതിയ പ്രയത്‌നങ്ങള്‍ എന്നാല്‍ പുതിയ ഊര്‍ജ്ജം, പുതിയ ആവേശം. ഇക്കാരണത്താലാണ് നമ്മുടെ സംസ്ഥാനങ്ങളിലെ വിവിധ മേഖലയില്‍ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളില്‍ ഏതൊരു തുടക്കവും ഉത്സവമായി കൊണ്ടാടുന്ന പാരമ്പര്യം ഉള്ളത്. ഈ സമയം ഉത്സവങ്ങളുടെ പുതിയ തുടക്കത്തിന്റെ കാലമാണ്. വസന്തത്തെ ഉത്സവമായി ആഘോഷിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമാണ് ഹോളിയും. നിറങ്ങള്‍ കൊണ്ടു ഹോളി ആഘോഷിക്കുന്ന സമയം വസന്തവും നമ്മുടെ നാലുചുറ്റും പുതിയ നിറങ്ങള്‍ വാരി വിതറും. ഈ അവസരത്തില്‍ പൂക്കള്‍ വിടരുവാന്‍ തുടങ്ങും. പ്രകൃതി ജീവസ്സുറ്റതാകും. രാജ്യത്തെ വിവിധ ഇടങ്ങളില്‍ അധികം വൈകാതെ തന്നെ പുതുവര്‍ഷം ആഘോഷിക്കപ്പെടും. അത് ഉഗാദിയുടേയോ, പുഥണ്‍ഡു, ഗുഡിപാഡ്പായോ, ബിഹുവോ, നവരേഹ്ഓ, പോയ്‌ലാ ബൊയിശാഖ് അല്ലെങ്കില്‍ ബൈശാഖിയുടെ രൂപത്തിലായാലും രാജ്യം മുഴുവന്‍ ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും പുതിയ പ്രതീക്ഷയുടെയും നിറങ്ങളില്‍ മുങ്ങി കാണപ്പെടും. ഈ സമയത്തു തന്നെയാണ് കേരളം സുന്ദരമായ വിഷു ആഘോഷിക്കുന്നത്. ഇത് കഴിഞ്ഞ് ഉടന്‍ ചൈത്ര നവരാത്രിയുടെ പുണ്യകാലം വരും. ചൈത്രമാസത്തിലെ ഒമ്പതാം ദിവസം നമ്മുടെ നാട്ടില്‍ രാമനവമി ഉത്സവം ആഘോഷിക്കുന്നു. ഇതിനെ ഭഗവാന്‍ രാമന്റെ ജന്മോത്സവത്തോടൊപ്പം ന്യായത്തിന്റെയും പരാക്രമത്തിന്റെയും പുതുയുഗപ്പിറവി ആയും കൊണ്ടാടുന്നു. ഈ അവസരത്തില്‍ ആളുകളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയും കുടുംബങ്ങളേയും സമൂഹത്തെയും പരസ്പരം യോജിപ്പിക്കുകയും പരസ്പര ബന്ധങ്ങളെ ദൃഢമാക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഒരന്തരീക്ഷമായിരിക്കും. ഈ ഉത്സവകാലത്ത് ഞാന്‍ എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ, ഏപ്രില്‍ നാലിന് നമ്മുടെ രാജ്യം ഈസ്റ്റര്‍ ആഘോഷിക്കും. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉത്സവമായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. പ്രതീകാത്മകമായി പറഞ്ഞാല്‍ ഈസ്റ്ററും ജീവിതത്തിലെ പുതിയ തുടക്കവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈസ്റ്റര്‍, പ്രതീക്ഷകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാകുന്നു. 'ഛി വേശ െവീഹ്യ മിറ മൗുെശരശീൗ െീരരമശെീി, ക ഴൃലല േിീ േീിഹ്യ വേല ഇവൃശേെശമി ഇീാാൗിശ്യേ ശി കിറശമ, യൗ േമഹീെ ഇവൃശേെശമി െഴഹീയമഹഹ്യ'' (ഈയവസരത്തില്‍ ഭാരതത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന് ആശംസകള്‍ നേരുന്നു).
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്നത്തെ മന്‍ കീ ബാത്തില്‍ അമൃതമഹോത്സവത്തെ കുറിച്ചും രാഷ്ട്രത്തോടുള്ള നമ്മുടെ കര്‍ത്തവ്യത്തെ കുറിച്ചും ചര്‍ച്ച ചെയ്തു. നമ്മള്‍ മറ്റ് ഉത്സവങ്ങളേയും ആഘോഷങ്ങളേയും കുറിച്ചും സംസാരിച്ചു. ഇതിനിടയില്‍ മറ്റൊരു ആഘോഷം വരാന്‍ പോകുന്നു. അത് നമ്മുടെ ഭരണഘടനാപരമായ അധികാരങ്ങളേയും കര്‍ത്തവ്യങ്ങളേയും കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അതാണ് ഏപ്രില്‍ 14 ഡോ. ബാബ അംബേദ്കറുടെ ജയന്തി. ഇത്തവണ അമൃതമഹോത്സവത്തില്‍ ഈ അവസരം കുറച്ചുകൂടി പ്രത്യേകതയുള്ളതാകുന്നു. ബാബ അംബേദ്കറുടെ ജയന്തി നമ്മള്‍ നിശ്ചയമായും സ്മരണീയമാക്കും. സ്വന്തം കര്‍ത്തവ്യങ്ങളെ നിറവേറ്റാനുള്ള പ്രതിജ്ഞയെടുത്ത് നമ്മള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തോടു കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രാവശ്യം കൂടി ഉത്സവാഘോഷങ്ങളുടെ ശുഭാശംസകള്‍ നേരുന്നു. നിങ്ങളെല്ലാവരും സന്തോഷമായിരിക്കുവിന്‍, ആരോഗ്യത്തോടെയിരിക്കുവിന്‍, നന്നായി ഉല്ലസിക്കുവിന്‍. ഈ ആഗ്രഹത്തോടുകൂടി ഞാന്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു, ''മരുന്നും വേണം നിഷ്‌കര്‍ഷയും വേണം''.
എല്ലാവര്‍ക്കും ഒരായിരം നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Sheetal Devi signs special jersey with foot, gifts to PM Modi

Media Coverage

Sheetal Devi signs special jersey with foot, gifts to PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 സെപ്റ്റംബർ 13
September 13, 2024

PM Modi’s Vision for India’s Growth and Prosperity Garners Appreciation from Across the Country