അചഞ്ചലമായ വിശ്വാസത്തിന്റെയും ദൈവീകതയുടെയും ദീപസ്തംഭവും ഭാരതത്തിന്റെ നിത്യാത്മാവിന്റെ പവിത്രമായ പ്രതീകവുമാണ് സോമനാഥ് ക്ഷേത്രം : പ്രധാനമന്ത്രി
75 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം നടന്ന സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമാണം സാധാരണ സംഭവമായിരുന്നില്ല; 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിൽ, 1951-ലെ സോമനാഥ് പ്രതിഷ്ഠ ഇന്ത്യയുടെ സ്വതന്ത്ര ചൈതന്യത്തെയാണ് പ്രഖ്യാപിച്ചത്: പ്രധാനമന്ത്രി
സോമനാഥ് അമൃത് മഹോത്സവം അടുത്ത ആയിരം വർഷത്തേക്ക് ഇന്ത്യയെ നയിക്കുന്ന പ്രചോദനമായി വർത്തിക്കും: പ്രധാനമന്ത്രി
കൊള്ളക്കാർ സോമനാഥ് ക്ഷേത്രത്തിന്റെ മഹത്വം തകർക്കാൻ ശ്രമിച്ചു; സോമനാഥിനെ വെറുമൊരു ഭൗതിക നിർമ്മിതിയായി മാത്രം കണ്ട് അവർ അതിനെതിരെ ആക്രമണം തുടർന്നു; ക്ഷേത്രം ആവർത്തിച്ച് തകർക്കപ്പെട്ടു, എങ്കിലും ഓരോ വീഴ്ചയ്ക്ക് ശേഷവും അത് വീണ്ടും പടുത്തുയർത്തപ്പെട്ടു: പ്രധാനമന്ത്രി
സോമനാഥ് ക്ഷേത്രം പുനർനിർമ്മിക്കപ്പെടുക മാത്രമല്ല, നൂറ്റാണ്ടുകളായുള്ള കളങ്കത്തെ രാജ്യം കഴുകിക്കളയുകയും ചെയ്തു: പ്രധാനമന്ത്രി
സ്വന്തം വേരുകളുമായി ബന്ധപ്പെട്ടു നിന്നാൽ മാത്രമേ ഒരു രാഷ്ട്രത്തിനു കാലാതീതമായി അതിന്റെ കരുത്ത് നിലനിർത്താൻ കഴിയൂ എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് സോമനാഥ്: പ്രധാനമന്ത്രി

ഗുജറാത്തിലെ പുനർനിർമ്മിക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോമനാഥ അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സോമനാഥ ക്ഷേത്ര സമുച്ചയത്തിൽ നടന്ന വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യവേ, ഈ ചടങ്ങ് കേവലം ഔദ്യോഗിക ചടങ്ങല്ലെന്നും ഭാരതത്തിന്റെ ശാശ്വതമായ ബോധത്തിന്റെയും നാഗരികമായ അതിജീവനത്തിന്റെയും പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. വേദമന്ത്രോച്ചാരണങ്ങളും സാംസ്കാരിക പ്രകടനങ്ങളും സമുദ്ര തിരമാലകളുടെ ഗർജ്ജനവും ഈ പുണ്യസങ്കേതത്തിന്റെ പുനർനിർമ്മാണ ആഘോഷങ്ങളിൽ ലയിച്ചുചേർന്നപ്പോൾ ഭക്തിയും ദേശാഭിമാനവും  ഒത്തുചേർന്ന അവിസ്മരണീയമായ നിമിഷങ്ങൾക്കാണ് ജനസഞ്ചയം സാക്ഷ്യം വഹിച്ചത്.

പുരാതനമായ ലിഖിതങ്ങളിലെ ജ്ഞാനം ഉദ്ധരിച്ചുകൊണ്ട്, ഈ സൃഷ്ടി എപ്രകാരം ദൈവത്തിൽ നിന്ന് ഉത്ഭവിക്കുന്നുവെന്നും അതിൽത്തന്നെ ലയിക്കുന്നുവെന്നും പ്രധാനമന്ത്രി വിവരിച്ചു. "യതോ ജായതേ പാല്യതേ യേന വിശ്വം, തമീഷാം ഭജേ ലീയതേ യത്ര വിശ്വം" - അവിടുത്തെ വാസസ്ഥലം പുനർനിർമ്മിച്ചതിന്റെ ഉത്സവമാണ് നാം ഇന്ന് ആഘോഷിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ദാദാ സോമനാഥിന്റെ പരമഭക്തനെന്ന നിലയിൽ മുൻപ് പലതവണ താൻ ക്ഷേത്ര സന്ദർശനം നടത്തിയിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു. "ഞാൻ എണ്ണമറ്റ തവണ അവിടുത്തെ മുൻപിൽ നമസ്കരിച്ചിട്ടുണ്ട്, എന്നാൽ ഇന്ന് ഇങ്ങോട്ട് വരുമ്പോൾ കാലത്തിലൂടെയുള്ള ഈ യാത്ര എനിക്ക് ആനന്ദകരമായ അനുഭവമാണ് നൽകിയത്," ശ്രീ മോദി പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് 'സോമനാഥ് സ്വാഭിമാൻ പർവ്വി'ന്റെ ഭാഗമായി നടത്തിയ സന്ദർശനം അനുസ്മരിച്ച പ്രധാനമന്ത്രി, ചുരുങ്ങിയ ഇടവേളയിൽ ഈ രണ്ട് സ്മരണാഘോഷങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിന്റെ സവിശേഷ പ്രാധാന്യം എടുത്തുപറഞ്ഞു. "ആദ്യത്തെ നാശത്തിന് ആയിരം വർഷങ്ങൾക്ക് ശേഷവും സോമനാഥിന്റെ അഭിമാനം അനശ്വരമാണ്, ഇന്ന് ഈ ആധുനിക രൂപത്തിലുള്ള പ്രാണ പ്രതിഷ്ഠയുടെ 75 വർഷങ്ങൾ തികയുമ്പോൾ, ആയിരം വർഷത്തെ അമർത്യ യാത്ര അനുഭവിക്കാൻ നമുക്ക് അവസരം ലഭിച്ചു," ശ്രീ മോദി സ്ഥിരീകരിച്ചു.

1951-ലെ പ്രതിഷ്ഠാ കർമ്മത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അത് സാധാരണ സംഭവമായിരുന്നില്ലെന്ന് വ്യക്തമാക്കി. "1947-ൽ ഇന്ത്യ സ്വതന്ത്രമായെങ്കിൽ, 1951-ലെ സോമനാഥ് പ്രാണപ്രതിഷ്ഠ ഇന്ത്യയുടെ സ്വതന്ത്ര ബോധത്തെയാണ് പ്രഖ്യാപിച്ചത്," ശ്രീ മോദി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് നാല് വർഷത്തിന് ശേഷം 1951-ൽ നടന്ന ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ആഴത്തിലുള്ള പ്രാധാന്യം പ്രതിഫലിപ്പിക്കവേ, സർദാർ വല്ലഭായ് പട്ടേൽ 500 നാട്ടുരാജ്യങ്ങളെ രാഷ്ട്രീയമായി സംയോജിപ്പിച്ചതും സോമനാഥ് പുനർനിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും തമ്മിലുള്ള സമാനത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "രാജ്യം വിദേശ ബന്ധനത്തിൽ നിന്ന് സ്വയം മോചിതയായപ്പോൾ, ഇന്ത്യ വെറുതെ സ്വാതന്ത്ര്യം നേടുക മാത്രമല്ല, അതിന്റെ പുരാതനമായ പ്രതാപം വീണ്ടെടുക്കുക കൂടിയാണെന്ന് സോമനാഥിന്റെ പുനരുദ്ധാരണം ലോകത്തോട് വിളിച്ചുപറഞ്ഞു," ശ്രീ മോദി നിരീക്ഷിച്ചു.

ഈ സന്ദർഭത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, താൻ കേവലം 75 വർഷത്തെ പിന്നാമ്പുറ കാഴ്ച കൾക്കു മാത്രമല്ല സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞു. "നാശത്തിനപ്പുറമുള്ള നിർമ്മാണത്തിന്റെ നിശ്ചയദാർഢ്യമാണ് ഞാൻ ഇവിടെ കാണുന്നത്, അത് സോമനാനാഥ്‌ സഫലമാക്കിയിരിക്കുന്നു," ശ്രീ മോദി നിരീക്ഷിച്ചു. ഈ പുണ്യഭൂമിയിൽ അസത്യത്തിന് മേൽ സത്യം നേടിയ ശാശ്വത വിജയമാണ് താൻ ദർശിക്കുന്നതെന്ന് അദ്ദേഹം വിവരിച്ചു.

സാർവത്രിക ക്ഷേമത്തിന്റെ പാഠങ്ങൾ പകർന്നുനൽകിയ സഹസ്രാബ്ദങ്ങളുടെ ആത്മീയ ബോധത്തിന് സാക്ഷ്യം വഹിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. സോമനാഥിന്റെ അതിജീവനത്തിൽ പ്രതിഫലിക്കുന്ന ഭാരതത്തിന്റെ അജയ്യമായ സത്തയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കി. "നൂറ്റാണ്ടുകളായുള്ള ദുഷ്ട ശ്രമങ്ങൾക്ക് മായ്ച്ചുകളയാൻ കഴിയാത്ത, തോൽപ്പിക്കാൻ കഴിയാത്ത ഭാരതത്തിന്റെ അവിഭാജ്യ രൂപമാണ് ഞാൻ ഇവിടെ കാണുന്നത്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഈ ആഘോഷത്തിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ട്, സോമനാഥ് അമൃത് മഹോത്സവം വെറുമൊരു അനുസ്മരണത്തിന് അപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇത് ഭൂതകാലത്തിന്റെ ആഘോഷം മാത്രമല്ല, വരാനിരിക്കുന്ന ആയിരം വർഷത്തേക്കുള്ള ഭാരതത്തിന്റെ പ്രചോദനം കൂടിയാണ്," ശ്രീ മോദി പറഞ്ഞു. ഈ സുപ്രധാന വേളയിൽ എല്ലാ നാട്ടുകാർക്കും കോടിക്കണക്കിന് സോമനാഥ ഭക്തർക്കും അദ്ദേഹം ആശംസകൾ നേർന്നു.

ദേശീയ ചരിത്രത്തിലെ മറ്റൊരു നിർണ്ണായക മുഹൂർത്തവുമായി ഈ ദിനത്തെ ബന്ധിപ്പിച്ചുകൊണ്ട്, മേയ് 11 ഇന്ത്യയുടെ 1998-ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ വാർഷികം കൂടിയാണെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കഴിവ് തെളിയിച്ചുകൊണ്ട് മേയ് 11-ന് രാജ്യം മൂന്ന് ആണവ പരീക്ഷണങ്ങൾ നടത്തിയതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് മേയ് 13-ന് നടന്ന പരീക്ഷണങ്ങൾ ഭാരതത്തിന്റെ അചഞ്ചലമായ രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "അന്ന് ലോകത്തിന്റെ മുഴുവൻ സമ്മർദ്ദവും ഇന്ത്യയ്ക്ക് മേൽ ഉണ്ടായിരുന്നു, എന്നാൽ അടൽജിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഗവണ്മെന്റ് ഞങ്ങൾക്ക് രാജ്യം തന്നെയാണ് പ്രഥമമെന്ന് തെളിയിച്ചു; ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ മുട്ടുകുത്തിക്കാനോ സമ്മർദ്ദത്തിലാക്കാനോ കഴിയില്ല," ശ്രീ മോദി പറഞ്ഞു.

ഈ ദൗത്യത്തിന് 'ഓപ്പറേഷൻ ശക്തി' എന്ന് പേരിട്ടതിന്റെ പ്രാധാന്യം വിശദീകരിച്ച പ്രധാനമന്ത്രി, ആഴത്തിലുള്ള സാംസ്കാരിക കാരണങ്ങളാലാണ് ആ പേര് തിരഞ്ഞെടുത്തതെന്ന് സൂചിപ്പിച്ചു. "കാരണം ശിവനോടൊപ്പം ശക്തിയെ ആരാധിക്കുന്നത് നമ്മുടെ പാരമ്പര്യമാണ്," ശ്രീ മോദി അഭിപ്രായപ്പെട്ടു. ഹൈന്ദവ സങ്കൽപ്പങ്ങളെ ആധാരമാക്കി, ശിവനും ശക്തിയും വേർപിരിക്കാനാവാത്തവരാണെന്ന് അർദ്ധനാരീശ്വര രൂപം തെളിയിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ, ലാൻഡിംഗ് സൈറ്റിന് പേര് നൽകിയതും ഇതേ തത്ത്വചിന്തയ്ക്ക് അനുസൃതമായാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പദോൽപ്പത്തിയെ സംബന്ധിച്ച ബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ട്, പുരാതന ജ്ഞാനവും ആധുനിക നേട്ടങ്ങളും തമ്മിലുള്ള ഈ സംഗമത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. "ചന്ദ്രന്റെ (സോമ) പേരിൽ ഈ ജ്യോതിർലിംഗം സോമനാഥ് എന്ന് വിളിക്കപ്പെടുന്നത് എത്ര ആനന്ദകരമാണ്," ശ്രീ മോദി പറഞ്ഞു.

ശിവനെയും ശക്തിയെയും ഒരുമിച്ച് ആരാധിക്കുന്ന തത്ത്വചിന്ത ഇന്ത്യയുടെ ശാസ്ത്രീയ പുരോഗതിക്ക് ഇപ്പോൾ എപ്രകാരം പ്രചോദനമാകുന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. "നമ്മുടെ ശിവ-ശക്തി ആരാധന രാജ്യത്തിന്റെ ശാസ്ത്രീയ പുരോഗതിക്കും പ്രചോദനമാകണമെന്ന ഈ ദൃഢനിശ്ചയം യാഥാർത്ഥ്യമാകുന്നത് നാം ഇന്ന് കാണുകയാണ്," ശ്രീ മോദി പറഞ്ഞു. ഓപ്പറേഷൻ ശക്തിയുടെ വാർഷികാഘോഷത്തിൽ എല്ലാ നാട്ടുകാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

ക്ഷേത്രത്തിന്റെ ആയിരം വർഷത്തെ തകർച്ചയുടെയും പുനരുജ്ജീവനത്തിന്റെയും ചരിത്രം വിവരിക്കവേ, ഈ ചരിത്രത്തിന് ജീവൻ നൽകിയ അജയ്യമായ ആത്മചൈതന്യത്തെ പ്രധാനമന്ത്രി പ്രകാശിപ്പിച്ചു. മഹ്മൂദ് ഗസ്നി, അലാവുദ്ദീൻ ഖിൽജി തുടങ്ങിയ അധിനിവേശക്കാർ തുടർച്ചയായി ആക്രമിച്ചിട്ടും, രാജാ ഭോജ്, ഭീംദേവ് ഒന്നാമൻ, കുമാരപാലൻ, മഹിപാലൻ ഒന്നാമൻ, റാവു ഖംഗാർ തുടങ്ങിയ ഭക്തരായ ഭരണാധികാരികൾ തങ്ങളുടെ ആത്മീയമായ ആഹ്വാനത്തിന് മറുപടിയായി ക്ഷേത്രം ആവർത്തിച്ച് പുനർനിർമ്മിച്ചു. "അക്രമികൾ ഇതിനെ കല്ലും മണ്ണും മാത്രമായാണ് കണ്ടത്, എന്നാൽ നമ്മുടെ നാഗരികതയുടെ ബൗദ്ധികവും ആത്മീയവുമായ കരുത്ത് അവർക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞില്ല," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

രാജ്യത്തിന്റെ സാംസ്കാരിക വീണ്ടെടുപ്പിനെക്കുറിച്ച് സംസാരിക്കവേ, ഈ പ്രദേശത്തിന്റെ പവിത്രമായ പൈതൃകം കാത്തുസൂക്ഷിച്ച ലകുലിഷ, സോമ ശർമ്മ, തുടങ്ങിയ മഹർഷിമാരുടെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ആത്മീയ പാരമ്പര്യം നിലനിർത്തിയ ഭാവ ബൃഹസ്പതി, പാശുപതാചാര്യർ തുടങ്ങിയ പണ്ഡിതന്മാരുടെ സംഭാവനകളെയും അദ്ദേഹം അംഗീകരിച്ചു. പ്രദേശത്തിന്റെ ബോധമണ്ഡലത്തെ കാത്തുസൂക്ഷിച്ച വിശാൽദേവ്, ത്രിപുരാന്തക് തുടങ്ങിയ ബൗദ്ധിക വ്യക്തിത്വങ്ങൾക്കും പ്രധാനമന്ത്രി മോദി ആദരമർപ്പിച്ചു. വീർ ഹമീർജി ഗോഹിൽ, വീർ വേഗ്ദാജി ഭീൽ, പുണ്യശ്ലോക അഹല്യാഭായ് ഹോൾക്കർ, ബറോഡയിലെ ഗെയ്‌ക്‌വാദുകൾ, ജാം സാഹിബ് മഹാരാജ ദിഗ്‌വിജയ് സിംഗ് തുടങ്ങി സോമനാഥ സേവനത്തിനായി സമർപ്പിച്ച നിരവധി മഹദ് വ്യക്തിത്വങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. സോമനാനാഥ്‌ പുനർനിർമാണത്തിന്റെ ശില്പികളായ സർദാർ പട്ടേൽ, ഡോ. രാജേന്ദ്ര പ്രസാദ്, കെ.എം. മുൻഷി തുടങ്ങിയ പുണ്യയാത്മാക്കളെ അദ്ദേഹം പ്രത്യേകം വണങ്ങി. അവരുടെ പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ ഉത്തരവാദിത്തങ്ങൾക്കുള്ള പ്രചോദനം അദ്ദേഹം ഉൾക്കൊണ്ടു. "നമ്മുടെ സാംസ്കാരിക പൈതൃകം മുമ്പോട്ട് കൊണ്ടുപോകുക മാത്രമല്ല, വരുംതലമുറകളിലേക്ക് ഈ ഉത്തരവാദിത്തം കൈമാറുകയും വേണമെന്ന് അവരുടെ സ്മരണകൾ നമ്മെ പ്രചോദിപ്പിക്കുന്നു," ശ്രീ മോദി പറഞ്ഞു.

ഭാരതത്തിന്റെ വിശാലമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പ്രതിഫലിപ്പിക്കവേ, സാംസ്കാരിക കേന്ദ്രങ്ങളാണ് ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്തിന്റെ സ്വത്വമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വേദനാജനകമായ ഒരു വൈരുദ്ധ്യത്തിലേക്കും അദ്ദേഹം വിരൽ ചൂണ്ടി. വിദേശ രാജ്യങ്ങളിൽ, അക്രമികൾ തകർത്ത തങ്ങളുടെ പൈതൃകത്തെ പിൽക്കാലത്ത് ആ രാജ്യത്തെ ജനങ്ങൾ ഒത്തുചേർന്ന് പുനർനിർമ്മിച്ച ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യത്തിനായി രാജ്യത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ മഹത്തായ ശ്രമങ്ങളെ പ്രധാനമന്ത്രി അംഗീകരിച്ചു. എന്നാൽ അന്നത്തെ നേതൃത്വത്തിനുള്ളിൽ നിന്ന് തന്നെ അവർ നേരിടേണ്ടിവന്ന നിർഭാഗ്യകരമായ എതിർപ്പുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "എന്നിരുന്നാലും സർദാർ സാഹിബിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യം നൂറ്റാണ്ടുകളായുള്ള നാണക്കേട് കഴുകിക്കളയാൻ രാജ്യത്തെ പ്രാപ്തമാക്കി," ശ്രീ മോദി നിരീക്ഷിച്ചു.

സമകാലിക വെല്ലുവിളികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, വിഭജന ശക്തികൾ ഇന്നും സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള സാംസ്കാരിക പദ്ധതികൾക്കെതിരെയുള്ള സമീപകാല എതിർപ്പുകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത്തരം വിഭജന ചിന്താഗതികൾക്കെതിരെ ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദേശീയ വികസനത്തിന്റെ രണ്ട് തലങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന സമതുലിതമായ പുരോഗതിയുടെ കാഴ്ചപ്പാട് അദ്ദേഹം ഉദ്ധരിച്ചു. "വികസനത്തെയും പൈതൃകത്തെയും ഒരുമിച്ച് കൊണ്ടുപോയി നമുക്ക് മുന്നേറണം," ശ്രീ മോദി പ്രഖ്യാപിച്ചു.

സാമ്പത്തിക പരിവർത്തനത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ പങ്ക് അംഗീകരിച്ചുകൊണ്ട്, സോമനാഥ്‌ എപ്രകാരം സംയോജിത വികസനത്തിന്റെ കേന്ദ്രമായി മാറിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒരേസമയം ആത്മീയ കേന്ദ്രമായും ആയിരക്കണക്കിന് ഉപജീവനമാർഗങ്ങളെ സഹായിക്കുന്ന സാമ്പത്തിക ചാലകശക്തിയായും സോമനാഥ്‌ മാറിയിരിക്കുന്നു. "ഈ ക്ഷേത്രം ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ജനങ്ങളെ ആകർഷിക്കുന്നു, അവരുടെ സന്ദർശനങ്ങൾ ഈ മേഖലയിലാകെ ഐശ്വര്യം കൊണ്ടുവരുന്നു," അദ്ദേഹം നിരീക്ഷിച്ചു. 

ഇന്ത്യയുടെ പുണ്യ തീർത്ഥാടന ശൃംഖലയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിപുലീകരിച്ചുകൊണ്ട്, സമീപവർഷങ്ങളിൽ രാജ്യത്തുടനീളം നടപ്പിലാക്കിയ പരിവർത്തനപരമായ വികസന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. കേദാർനാഥിന്റെ പുനർനിർമ്മാണം, കാശി വിശ്വനാഥ് ധാം സൗന്ദര്യവൽക്കരണം, ഉജ്ജയിനിലെ മഹാകാൽ മഹാലോക്, ചാർധാം ഹൈവേ പദ്ധതി, ഗോവിന്ദ്ഘട്ട് മുതൽ ഹേമകുണ്ഡ് സാഹിബ് വരെയുള്ള റോപ്പ്‌വേ പദ്ധതി, കർതാർപൂർ ഇടനാഴി, ബുദ്ധിസ്റ്റ് സർക്യൂട്ട് എന്നിവ അദ്ദേഹം പരാമർശിച്ചു. "കഴിഞ്ഞ 10-12 വർഷങ്ങൾക്കുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. സാംസ്കാരിക കേന്ദ്രങ്ങൾ പുരോഗതിക്ക് തടസ്സമല്ലെന്നും മറിച്ച് അവ ഭാരതത്തിന്റെ ആത്മീയ-സാമൂഹിക വ്യവസ്ഥിതിയുടെ കേന്ദ്രങ്ങളാണെന്നും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ സ്രോതസ്സുകളും യഥാർത്ഥ വികസനത്തിലേക്കുള്ള കവാടങ്ങളുമാണെന്നും ഇത് തെളിയിക്കുന്നു," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഈ ഉദ്യമത്തിന്റെ ദാർശനിക അടിത്തറയെക്കുറിച്ച് വിശദീകരിക്കവേ, "സർവ്വം ഖൽവിദം ബ്രഹ്മ" (എല്ലാം ബ്രഹ്മമയമാണ്) എന്ന ഉപനിഷദ് വാക്യം പ്രധാനമന്ത്രി ഉദ്ധരിച്ചു. നദികളും വനങ്ങളും മലനിരകളും പ്രകൃതിയാകെയും പവിത്രമായ ചൈതന്യത്തിന്റെ പ്രകടനങ്ങളാണെന്ന കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. "ലോകം പ്രകൃതിദത്തമായ ജീവിതരീതിയിലേക്ക് തിരിയുമ്പോൾ, ഈ പുരാതന ജ്ഞാനത്തെ നാം തിരിച്ചറിയുകയും പങ്കുവെക്കുകയും വേണം. നമ്മുടെ പുണ്യസ്ഥലങ്ങളെ സുസ്ഥിരമായ വികസനത്തിന്റെ മാതൃകകളായി ലോകത്തിന് മുന്നിൽ നമുക്ക് ഉയർത്തിക്കാട്ടാം," ശ്രീ മോദി ആഹ്വാനം ചെയ്തു.

ദേശീയ ശക്തിയിൽ സാംസ്കാരിക തുടർച്ചയുടെ പങ്ക് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പുതിയ തലമുറകൾ തങ്ങളുടെ ചരിത്രവുമായും വിശ്വാസവുമായും മൂല്യങ്ങളുമായും വീണ്ടും ബന്ധപ്പെടുമ്പോൾ രാജ്യത്തിന്റെ ആന്തരികശക്തി അളക്കാനാവാത്തവിധം ആഴത്തിലാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. "ഇന്ന് ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്ന ആത്മവിശ്വാസം ഈ സാംസ്കാരികമായ തുടർച്ചയോട് വലിയ തോതിൽ കടപ്പെട്ടിരിക്കുന്നു," ശ്രീ മോദി പറഞ്ഞു.

എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് സോമനാഥ പ്രതിഷ്ഠയിലൂടെ ആരംഭിച്ചത് പരിവർത്തനത്തിന്റെ ഒരു മഹത്തായ യാത്രയാണെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു. "ഇന്ന് ആ യാത്ര കൂടുതൽ വിപുലമായ രൂപത്തിൽ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ പാരമ്പര്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ നമുക്കിതിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കണം, ഇതാണ് നമ്മുടെ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്," ഭാവി തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് ശ്രി മോദി പ്രസംഗം ഉപസംഹരിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
In a first, NCERT adds Emergency to Class 9 textbooks; chapter details rights suspension and press censorship

Media Coverage

In a first, NCERT adds Emergency to Class 9 textbooks; chapter details rights suspension and press censorship
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Gujarat meets the Prime Minister
June 25, 2026

Governor of Gujarat, Shri Acharya Devvrat met with the Prime Minister Shri Narendra Modi, today.

The Prime Minister posted on X;

Governor of Gujarat, Shri @ADevvrat met Prime Minister @narendramodi today.