ബഹുമാനപ്പെട്ട നോർവേ പ്രധാനമന്ത്രി,

ഇരുരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളേ,

മാധ്യമസുഹൃത്തുക്കളേ,

നമസ്കാരം!

നോർവേ സന്ദർശിക്കാൻ കഴിഞ്ഞതിൽ എനിക്ക് ‌അതിയായ സന്തോഷമുണ്ട്. പ്രകൃതിയും മാനവിക പുരോഗതിയും തമ്മിലുള്ള സൗഹാർദ്ദപരമായ പൊരുത്തപ്പെടലിന്റെ അത്ഭുതകരമായ ഉദാഹരണമാണ് ഈ മനോഹര രാജ്യം.

ആദ്യമായി ഊഷ്മളവും ഹൃദ്യവുമായ ഈ സ്വീകരണത്തിന് പ്രധാനമന്ത്രിയോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഇന്നലെ നടന്ന നോർവേ ഭരണഘടനാ ദിനത്തിന്റെ സുപ്രധാന വേളയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പേരിൽ ശക്തവും ഊർജ്ജസ്വലവുമായ നോർവേയിലെ ജനാധിപത്യ ജനതയ്ക്ക് ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

കഴിഞ്ഞ വർഷം ഞാൻ നോർവേ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണം കാരണം ആ യാത്ര മാറ്റിവെക്കേണ്ടിവന്നു. ഭീകരതയ്‌ക്കെതിരെ ആ പ്രയാസകരമായ സമയത്ത് നോർവേ ഇന്ത്യയ്‌ക്കൊപ്പം ദൃഢമായി നിലകൊണ്ടു. ഇത് നമ്മുടെ സൗഹൃദത്തിന്റെ കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ഞാൻ നോർവേ സന്ദർശിക്കുമ്പോൾ ആ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്‌നായാലും പശ്ചിമേഷ്യയായാലും ലോകത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും സംഘർഷങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സമയത്ത് ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിൻ്റെ ഒരു പുതിയ സുവർണ്ണ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്.

കഴിഞ്ഞ വർഷം ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും ചരിത്രപരമായ ഒരു വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പിലാക്കി. ഇന്ത്യയും നോർവേയും തമ്മിലുള്ള പങ്കിട്ട പുരോഗതിയും സമൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള ഒരു രൂപരേഖയാണ് ഈ കരാർ. ഇതിന് കീഴിൽ അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് 100 ബില്യൺ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരികയും പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഇന്ന് ഈ കരാറിന്റെ വാഗ്ദാനങ്ങളെ യഥാർത്ഥ ഫലങ്ങളാക്കി മാറ്റുന്നതിനായി ഇരുപക്ഷവും നിരവധി പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ ഇന്ത്യ-നോർവേ ബന്ധത്തെ ഒരു ഹരിത തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തുകയാണ്. ഈ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ വ്യാപ്തിയും വേഗതയും പ്രതിഭയും നോർവേയുടെ സാങ്കേതികവിദ്യയും മൂലധനവുമായി സംയോജിപ്പിച്ചുകൊണ്ട് ശുദ്ധോർജ്ജം മുതൽ കാലാവസ്ഥാ പ്രതിരോധം വരെയും സമുദ്ര സമ്പദ്‌വ്യവസ്ഥ മുതൽ ഹരിത കപ്പൽ ഗതാഗതം വരെയുമുള്ള വിവിധ മേഖലകളിൽ നമ്മുടെ കമ്പനികൾ ആഗോള പരിഹാരങ്ങൾ വികസിപ്പിക്കും.

സുഹൃത്തുക്കളേ,

ഗവേഷണം, വിദ്യാഭ്യാസം, നവീകരണം എന്നിവയും നമ്മുടെ ബന്ധത്തിന്റെ ശക്തമായ തൂണുകളായി ഉയർന്നുവരുന്നു. ഇന്ന് സുസ്ഥിരത, സമുദ്ര ഊർജ്ജം, ജിയോളജി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണ സഹകരണം വിപുലീകരിക്കാൻ ഞങ്ങൾ സമ്മതിച്ചു. എഞ്ചിനീയറിംഗ്, എഐ, സൈബർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ നമ്മുടെ പങ്കാളിത്തത്തെ ഭാവിസജ്ജമാക്കുന്നതിനായി നാം നമ്മുടെ സർവ്വകലാശാലകളെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെയും തമ്മിൽ ബന്ധിപ്പിക്കും. നൈപുണ്യ വികസനത്തിലും പ്രതിഭാ കൈമാറ്റത്തിലുമുള്ള  നമ്മുടെ സഹകരണവും കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.

സുഹൃത്തുക്കളേ,

നോർവേ ആർട്ടിക് മേഖലയിലെ ഒരു പ്രധാന രാജ്യമാണ്. ആർട്ടിക്, ധ്രുവീയ ഗവേഷണങ്ങളിൽ നമുക്ക് ദീർഘകാലത്തെ സഹകരണമുണ്ട്. ഇന്ത്യയുടെ ആർട്ടിക് ഗവേഷണ നിലയമായ ഹിമാദ്രിയുടെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് ഞങ്ങൾ നോർവേയോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) നോർവീജിയൻ സ്പേസ് ഏജൻസിയും തമ്മിൽ ഇന്ന് ഒപ്പുവെക്കുന്ന ധാരണാപത്രം നമ്മുടെ ബഹിരാകാശ സഹകരണത്തിന് പുതിയ മാനങ്ങൾ നൽകും.

ഈ മേഖലകളിലെല്ലാമുള്ള ആഴമേറിയ സഹകരണത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ദുർബലമായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും മനുഷ്യരാശിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും നമ്മുടെ ശാസ്ത്രജ്ഞർ സംഭാവന നൽകും.

സുഹൃത്തുക്കളേ,

ഇന്ത്യയും നോർവേയും തമ്മിലുള്ള ഹരിത തന്ത്രപ്രധാന പങ്കാളിത്തം ലോകമെമ്പാടുമുള്ള വിപണികൾക്ക് ഗുണകരമാകും. നോർവേ ഇന്ന് ഇൻഡോ-പസഫിക് സമുദ്ര സംരംഭത്തിൽ ചേരുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്.

രണ്ട് പ്രധാന സമുദ്ര രാഷ്ട്രങ്ങൾ എന്ന നിലയിൽ സമുദ്ര സമ്പദ്‌വ്യവസ്ഥ, സമുദ്ര സുരക്ഷ, ശേഷിവികസനം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി നാം ഒന്നിച്ച് പ്രവർത്തിക്കും. ഇന്ന് ഒരു ട്രയാങ്കുല‍ർ വികസന സഹകരണ കരാറിൽ ഞങ്ങൾ ഒപ്പുവെച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) പദ്ധതികളിലൂടെ ആഗോള ദക്ഷിണ മേഖലയിലെ രാജ്യങ്ങളിലെ മാനവിക വികസനത്തിന് ഇനി നാം ഒരുമിച്ച് സംഭാവന നൽകും.

സുഹൃത്തുക്കളേ,

ഇന്ത്യയും നോർവേയും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസ്ഥിതിയിലും ചർച്ചകളിലും നയതന്ത്രത്തിലും വിശ്വസിക്കുന്നു. സൈനിക സംഘർഷങ്ങളിലൂടെ ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയില്ലെന്ന കാര്യത്തിൽ നാം യോജിക്കുന്നു. യുക്രെയ്‌നായാലും പശ്ചിമേഷ്യയായാലും സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. പിന്തുണ ഇനിയും തുടരും.

വർധിച്ചുവരുന്ന ആഗോള വെല്ലുവിളികളെ നേരിടാൻ ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണം അനിവാര്യമാണെന്ന കാര്യത്തിലും നാം യോജിക്കുന്നു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇല്ലാതാക്കുക എന്നത് നമ്മുടെ പങ്കിട്ട പ്രതിജ്ഞാബദ്ധതയാണ്.

ആദരണീയ വ്യക്തിത്വം,

ആർട്ടിക് മുതൽ ബഹിരാകാശം വരെയും ഹരിത കപ്പൽ ഗതാഗതം മുതൽ സമുദ്ര സമ്പദ്‌വ്യവസ്ഥ) വരെയും ഊർജ്ജ സുരക്ഷ മുതൽ ഭക്ഷ്യസുരക്ഷ വരെയും നമ്മുടെ സഹകരണം പുതിയ അതിരുകളിലേക്ക് കുതിക്കുകയാണ്. നമ്മുടെ ഹരിത തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ വിശ്വസ്തവും ഭാവിസജ്ജവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഒരു പങ്കാളിത്തത്തിന്റെ പുതിയൊരു അധ്യായം നമുക്ക് എഴുതാം.

വളരെയധികം നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort

Media Coverage

‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 16
August 16, 2026

Aatmanirbhar Ambitions Meet Global Alliances: The Modi Doctrine in Action