ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ, സാങ്കേതിക പരിപാടിയായ ഇന്ത്യാ മൊബൈൽ കോൺഗ്രസ് (IMC) 2025 ന്റെ 9-ാമത് എഡിഷൻ ഇന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ മൊബൈൽ കോൺഗ്രസിന്റെ പ്രത്യേക എഡിഷനിലേക്ക് എല്ലാ വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്ത ശ്രീ മോദി, സാമ്പത്തിക തട്ടിപ്പ് തടയൽ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, 6G, ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെ നിരവധി നിർണായക വിഷയങ്ങളിൽ നിരവധി സ്റ്റാർട്ടപ്പുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്, ഇന്ത്യയുടെ സാങ്കേതിക ഭാവി കഴിവുള്ള കൈകളിലാണെന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിക്കും എല്ലാ പുതിയ സംരംഭങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.
ഇന്ത്യാ മൊബൈൽ കോൺഗ്രസ്, മൊബൈലിനും ടെലികോമിനും അപ്പുറത്തേക്ക് പരിണമിച്ചുവെന്നും ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്‌നോളജി വേദിയായി ഏതാനും വർഷങ്ങൾക്കുള്ളിൽ ഉയർന്നുവന്നിട്ടുണ്ടെന്നും എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ വിജയഗാഥ എങ്ങനെ എഴുതിയെന്നും ആരാണ് ഇതിന് നേതൃത്വം നൽകിയതെന്നും ചോദിച്ചു. യുവാക്കളുടെ നേതൃത്വത്തിലുള്ളതും രാജ്യത്തിന്റെ പ്രതിഭകളാൽ പ്രചോദിതവുമായ ഇന്ത്യയുടെ സാങ്കേതികജ്ഞാനമുള്ള മനോഭാവമാണ് ഇത് രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാധ്യതകൾക്കൊപ്പം ഉറച്ചുനിൽക്കുന്ന ഒരു ഗവൺമെന്റാണ് ഈ വളർച്ച സാധ്യമാക്കിയതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ടെലികോം ടെക്നോളജി ഡെവലപ്മെന്റ് ഫണ്ട്, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് ഇന്നൊവേഷൻസ് സ്ക്വയർ തുടങ്ങിയ പദ്ധതികൾ ചൂണ്ടിക്കാട്ടിക്കൊണ്ട്, അതിലൂടെ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 5G, 6G, അഡ്വാൻസ്ഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ്, ടെറാ-ഹെർട്സ് തുടങ്ങിയ സാങ്കേതികവിദ്യകൾക്കായുള്ള ടെസ്റ്റ് ബെഡുകൾക്ക് ഗവൺമെന്റ് ധനസഹായം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകളും മുൻനിര ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം സുഗമമാക്കുന്നുണ്ടെന്നും ഗവൺമെന്റ് പിന്തുണയോടെ ഇന്ത്യൻ വ്യവസായം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് മേഖലകൾ എന്നിവയെല്ലാം വിവിധ മേഖലകളിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക, ഗവേഷണ വികസനങ്ങളിലൂടെ ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുക, ആഗോള നിലവാരത്തിനനുസരിച്ച് സംഭാവന ചെയ്യുക എന്നിങ്ങനെ എല്ലാ തലങ്ങളിലും ഇന്ത്യ മുന്നേറുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശ്രമങ്ങൾ ഇന്ത്യയെ ആഗോള വേദിയിൽ മർമപ്രധാനമായ ഒരു ഇടമായി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യാ മൊബൈൽ കോൺഗ്രസും ഇന്ത്യയുടെ ടെലികോം മേഖലയിലെ വിജയവും ആത്മനിർഭർ ഭാരത് ലക്ഷ്യത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന പറഞ്ഞ ശ്രീ മോദി, മുൻകാല ഭരണകൂടങ്ങളുടെ കാലത്ത് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ പതിറ്റാണ്ടുകളുടെ കാലതാമസം ചൂണ്ടിക്കാട്ടി, സാങ്കേതികമായി നൂതനമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ സംശയിക്കുന്നവർ 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന ആശയത്തെ ഒരിക്കൽ പരിഹസിച്ചത് എങ്ങനെയെന്ന് ഓർമ്മിപ്പിച്ചു. ഒരുകാലത്ത് 2Gയിൽ ബുദ്ധിമുട്ടിയിരുന്ന രാജ്യത്ത് ഇപ്പോൾ മിക്കവാറും എല്ലാ ജില്ലകളിലും 5G കവറേജ് ഉണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2014 മുതൽ ഇലക്ട്രോണിക്സ് ഉൽപ്പാദനം ആറ് മടങ്ങ് വർദ്ധിച്ചുവെന്നും മൊബൈൽ ഫോൺ ഉൽപ്പാദനം 28 മടങ്ങ് വളർന്നുവെന്നും അതേസമയം കയറ്റുമതി 127 മടങ്ങ് വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദശകത്തിൽ, മൊബൈൽ ഫോൺ നിർമ്മാണ മേഖല ദശലക്ഷക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഒരു പ്രധാന സ്മാർട്ട്‌ഫോൺ കമ്പനിയുടെ സമീപകാല ഡാറ്റ ഉദ്ധരിച്ച്, ഇപ്പോൾ 45 ഇന്ത്യൻ സ്ഥാപനങ്ങൾ അതിന്റെ വിതരണ ശൃംഖലയുടെ ഭാഗമാണെന്നും ഒരു കമ്പനിയിൽ നിന്ന് മാത്രം ഏകദേശം 3.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം നിരവധി കമ്പനികൾ വലിയ തോതിൽ ഉൽപ്പാദനം നടത്തുന്നുണ്ടെന്നും പരോക്ഷ അവസരങ്ങൾ ചേർക്കുമ്പോൾ, തൊഴിലവസരങ്ങളുടെ കണക്കുകൾ കൂടുതൽ മാറുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

അടുത്തിടെ രാജ്യത്തിന്റെ ഒരു പ്രധാന തദ്ദേശീയ നേട്ടമായ, മെയ്ഡ് ഇൻ ഇന്ത്യ 4G സ്റ്റാക്ക് പുറത്തിറക്കി, ഇതോടെ ഇന്ത്യ ഇപ്പോൾ ഈ ശേഷിയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു, ഡിജിറ്റൽ സ്വാശ്രയത്വത്തിലേക്കും സാങ്കേതിക സ്വാതന്ത്ര്യത്തിലേക്കുമുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഇതിനെ ശ്രീ മോദി വിശേഷിപ്പിച്ചു. തദ്ദേശീയ 4G, 5G സ്റ്റാക്കിലൂടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുക മാത്രമല്ല, പൗരന്മാർക്ക് അതിവേഗ ഇന്റർനെറ്റും വിശ്വസനീയമായ സേവനങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
4G സ്റ്റാക്കിന് തുടക്കം കുറിച്ച ദിവസം, രാജ്യത്തുടനീളം ഏകദേശം ഒരു ലക്ഷം 4G ടവറുകൾ ഒരേസമയം സജീവമാക്കിയതായും ഇത് രണ്ട് കോടിയിലധികം ആളുകളെ ഇന്ത്യയുടെ ഡിജിറ്റൽ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ പ്രാപ്തരാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു. ഈ മേഖലകളിൽ പലതും വിദൂര പ്രദേശങ്ങളാണെന്നും മുമ്പ് ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ പിന്നിലായിരുന്നവയാണെന്നും ഇപ്പോൾ അത്തരം എല്ലാ മേഖലകളിലും ഇന്റർനെറ്റ് എത്തിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

രാജ്യത്തിന്റെ മെയ്ഡ് ഇൻ ഇന്ത്യ 4G സ്റ്റാക്കിന്റെ മറ്റൊരു പ്രധാന സവിശേഷത - അതിന്റെ കയറ്റുമതി സന്നദ്ധതയാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ തദ്ദേശീയ സ്റ്റാക്ക് ഇന്ത്യയുടെ ബിസിനസ്സ് വ്യാപനത്തിനുള്ള ഒരു മാധ്യമമായി വർത്തിക്കുമെന്നും 'ഇന്ത്യ 6G വിഷൻ 2030' കൈവരിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സാങ്കേതിക വിപ്ലവം അതിവേഗം പുരോഗമിച്ചിട്ടുണ്ടെന്നും ഈ വേഗതയും വ്യാപ്തിയും പൊരുത്തപ്പെടുത്തുന്നതിന് ശക്തമായ നിയമപരവും ആധുനികവുമായ നയപരമായ അടിത്തറ വളരെക്കാലമായി ആവശ്യമാണെന്നും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കാലഹരണപ്പെട്ട ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിനും ഇന്ത്യൻ വയർലെസ് ടെലിഗ്രാഫ് നിയമത്തിനും പകരമായി ടെലികമ്മ്യൂണിക്കേഷൻ നിയമം നടപ്പിലാക്കിയതിനെക്കുറിച്ച് എടുത്തുപറഞ്ഞു. ഇന്നത്തെ പൗരന്മാരുടെ ജനനത്തിനു മുമ്പുള്ള നിയമങ്ങളായിരുന്നു അവ. 21-ാം നൂറ്റാണ്ടിലെ സമീപനങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പുതിയ ചട്ടക്കൂട് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു. അത് ഗവൺമെന്റ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. നിയന്ത്രിക്കുന്ന നിലയിലല്ല, മറിച്ച് സുഗമമാക്കുന്ന നിലയിലാണ് പുതിയ നിയമം പ്രവർത്തിക്കുന്നതെന്നും നിയമപരമായ അംഗീകാരങ്ങൾ നേടുന്നത് എളുപ്പമായിട്ടുണ്ടെന്നും അനുമതികൾ ഇപ്പോൾ കൂടുതൽ വേഗത്തിൽ നൽകപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൽഫലമായി, ഫൈബർ, ടവർ നെറ്റ്‌വർക്ക് വികാസം ത്വരിതപ്പെടുത്തുകയും ബിസിനസ്സ് എളുപ്പമാക്കുകയും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും വ്യവസായങ്ങൾ ദീർഘകാലത്തേക്ക് ആസൂത്രണം ചെയ്യാൻ പ്രാപ്തമാക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

രാജ്യത്ത് സൈബർ സുരക്ഷയ്ക്ക് തുല്യ മുൻഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സൈബർ തട്ടിപ്പുകൾക്കെതിരായ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ടെന്നും പരാതി പരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവാദിത്തം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളും ഉപഭോക്താക്കളും ഈ നടപടികളിൽ നിന്ന് ഗണ്യമായി പ്രയോജനം നേടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകം ഇന്ത്യയുടെ സാധ്യതകളെ കൂടുതൽ തിരിച്ചറിയുന്നുണ്ടെന്ന് അടിവരയിട്ടുകൊണ്ട്, ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയും ലോകത്തിലെ രണ്ടാമത്തെ വലിയ 5G വിപണിയും ഇന്ത്യയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിപണി ശക്തിക്കൊപ്പം, ഇന്ത്യയ്ക്ക് മാനവവിഭവശേഷി, മൊബിലിറ്റി, പുരോഗമന മനോഭാവം എന്നിവയുണ്ട്. മാനവവിഭവശേഷിയുടെ കാര്യത്തിൽ, ഇന്ത്യ മികവ് പ്രകടിപ്പിക്കുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യ ഇന്ത്യയിലാണെന്നും ഈ തലമുറയ്ക്ക് വലിയ തോതിൽ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ജനസമൂഹം ഇന്ത്യയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ഒരു ജിബി വയർലെസ് ഡാറ്റയുടെ വില ഇപ്പോൾ ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഓരോ ഉപയോക്താവിന്റെയും ഡാറ്റ ഉപഭോഗത്തിന്റെ കണക്കിൽ ഇന്ത്യ മുൻനിര രാജ്യങ്ങളിൽ ഒന്നാണെന്ന് എടുത്തുപറഞ്ഞു. ഡിജിറ്റൽ കണക്റ്റിവിറ്റി ഇനി ഒരു പദവിയോ ആഡംബരമോ അല്ല, മറിച്ച് ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
വ്യവസായവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മനോഭാവത്തോടെയാണ് ഇന്ത്യ മുന്നേറുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ ജനാധിപത്യ സജ്ജീകരണം, ഗവൺമെന്റിന്റെ സ്വാഗതാർഹമായ സമീപനം, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പ നയങ്ങൾ എന്നിവ ഇന്ത്യയെ നിക്ഷേപക സൗഹൃദ ഇടമായി അംഗീകരിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വിജയം ഗവൺമെന്റിന്റെ ഡിജിറ്റൽ-ഫസ്റ്റ് മനോഭാവത്തിന്റെ തെളിവായി അദ്ദേഹം ഉദ്ധരിച്ചു. പൂർണ്ണ ആത്മവിശ്വാസത്തോടെ, പ്രധാനമന്ത്രി പ്രസ്താവിച്ചു, "ഇന്ത്യയിൽ നിർമ്മിക്കാനും നിക്ഷേപിക്കാനും നവീകരിക്കാനും ഏറ്റവും നല്ല സമയമാണിത്!" ഉൽപ്പാദനം മുതൽ സെമികണ്ടക്ടറുകൾ വരെയും, മൊബൈലുകൾ മുതൽ ഇലക്ട്രോണിക്സ് വരെയും, വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ വരെയും, ഇന്ത്യ സാധ്യതകളാലും നവോന്മേഷത്താലും നിറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാന പരിഷ്കാരങ്ങളുടെയും പരിവർത്തനാത്മക മാറ്റങ്ങളുടെയും വർഷമായി ഈ വർഷത്തെ പ്രഖ്യാപിച്ചത് ഓർത്ത പ്രധാനമന്ത്രി, പരിഷ്കാരങ്ങളുടെ വേഗത ത്വരിതപ്പെടുത്തുകയാണെന്നും അതുവഴി വ്യവസായത്തിന്റെയും നവീനാശയക്കാരുടെയും ഉത്തരവാദിത്തം വർദ്ധിക്കുന്നുണ്ടെന്നും പറഞ്ഞു. വേഗതയും റിസ്ക് ഏറ്റെടുക്കാനുള്ള കഴിവും ഉപയോഗിച്ച് പുതിയ പാതകളും അവസരങ്ങളും സൃഷ്ടിക്കുന്ന സ്റ്റാർട്ടപ്പുകളുടെയും യുവ നവീനാശയക്കാരുടെയും നിർണായക പങ്കിനെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഈ വർഷം ഇന്ത്യാ മൊബൈൽ കോൺഗ്രസ് 500-ലധികം സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു. ഇത് നിക്ഷേപകരുമായും ആഗോള ഉപദേഷ്ടാക്കളുമായും ബന്ധപ്പെടാൻ വിലപ്പെട്ട അവസരങ്ങൾ നൽകി.
ഈ മേഖലയുടെ വികാസത്തിൽ അംഗീകൃത സംരംഭകർ പങ്ക് തുടരുന്നുവെന്ന് ആവർത്തിച്ച ശ്രീ മോദി, ശക്തമായ ഗവേഷണ വികസന ശേഷികളുടെ പിൻബലത്തോടെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ സ്ഥിരതയും ദിശയുമെല്ലാം ഈ സംരംഭകർ നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പുകളുടെ വേഗതയും അംഗീകൃത സംരംഭകരുടെ വ്യാപ്തിയും ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇന്ത്യയെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
വ്യവസായത്തിലെ നിരവധി നിർണായക മേഖലകൾക്ക് യുവ സ്റ്റാർട്ടപ്പ് ഇന്നൊവേറ്റർമാർ, അക്കാദമിക് മേഖല, ഗവേഷണ സമൂഹം, നയരൂപകർത്താക്കൾ എന്നിവരുടെ സഹകരണപരമായ ശ്രമങ്ങൾ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യാ മൊബൈൽ കോൺഗ്രസ് പോലുള്ള വേദികൾ അത്തരം സംവാദങ്ങൾക്ക് ഫലപ്രദമായ ഉത്തേജകമായി വർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മൊബൈൽ, ടെലികോം, ഇലക്ട്രോണിക്സ്, വിശാലമായ സാങ്കേതിക ആവാസവ്യവസ്ഥ എന്നിവയിലുടനീളമുള്ള ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളിൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ആഗോള തടസ്സങ്ങൾ എവിടെയാണെങ്കിലും ഇന്ത്യയ്ക്ക് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാൻ അവസരമുണ്ടെന്ന് പ്രസ്താവിച്ചു. സെമികണ്ടക്ടർ നിർമ്മാണത്തിന്റെ ഉദാഹരണത്തിലൂടെ, മുമ്പ് ഏതാനും രാജ്യങ്ങളിൽ മാത്രമേ കഴിവ് കേന്ദ്രീകരിച്ചിരുന്നുള്ളൂ. ഇപ്പോൾ ലോകം വൈവിധ്യവൽക്കരണം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള പത്ത് സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിലൂടെ ഇന്ത്യ ഈ ദിശയിൽ പ്രധാന ചുവടുവെപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ, ആഗോള കമ്പനികൾ വ്യാപ്തിയും വിശ്വാസ്യതയും നൽകാൻ കഴിയുന്ന വിശ്വസനീയ പങ്കാളികളെയാണ് തേടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടെലികോം നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും ലോകത്തിന് വിശ്വസനീയ പങ്കാളികളെ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, കൂടാതെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ചോദ്യവും ഉന്നയിച്ചു - ഇന്ത്യൻ കമ്പനികൾക്ക് വിശ്വസനീയമായ ആഗോള വിതരണക്കാരും ഡിസൈൻ പങ്കാളികളുമാകാൻ കഴിയാത്തത് എന്തുകൊണ്ട്?
മൊബൈൽ നിർമ്മാണത്തിൽ ചിപ്‌സെറ്റുകൾ, ബാറ്ററികൾ, ഡിസ്‌പ്ലേകൾ, സെൻസറുകൾ തുടങ്ങിയ ഘടകങ്ങൾ രാജ്യത്തിനുള്ളിൽ കൂടുതലായി ഉൽപ്പാദിപ്പിക്കണമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകം മുമ്പത്തേക്കാളും കൂടുതൽ ഡാറ്റ ഉൽപ്പാദിപ്പിക്കുകയാണെന്നും ഇത് സ്റ്റോറേജ്, സുരക്ഷ, സോവെറിനിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ നിർണായക പ്രാധാന്യമുള്ളതാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡാറ്റാ സെന്ററുകളിലും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, ഇന്ത്യയ്ക്ക് ഒരു ആഗോള ഡാറ്റാ ഹബ്ബായി ഉയർന്നുവരാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വരാനിരിക്കുന്ന സെഷനുകൾ ഇതേ സമീപനത്തോടെയും ശ്രദ്ധയോടെയും തുടരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. ഇന്ത്യാ മൊബൈൽ കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം വീണ്ടും ആശംസകൾ നേർന്നു.
കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ഡോ. ചന്ദ്രശേഖർ പെമ്മസാനി, മറ്റ് വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം
"മാറ്റത്തിനായി നൂതനാശയങ്ങൾ സൃഷ്ടിക്കുക" എന്ന വിഷയത്തിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (DoT) സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (COAI) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസ് (IMC) 2025 ഒക്ടോബർ 8 മുതൽ 11 വരെ നടക്കും. ഇത് ഡിജിറ്റൽ പരിവർത്തനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി നവീനത പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നു.
ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ, നൂതനാശയക്കാർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ടെലികോമിലെയും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലെയും ഏറ്റവും പുതിയ മുന്നേറ്റങ്ങൾ IMC 2025 പ്രദർശിപ്പിക്കും. നെക്സ്റ്റ് ജനറേഷൻ കണക്റ്റിവിറ്റി, ഡിജിറ്റൽ സോവെറിനിറ്റി, സൈബർ തട്ടിപ്പ് തടയൽ, ഗ്ലോബൽ ടെക്നോളജി ലീഡർഷിപ്പ് എന്നിവയിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്ന ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ്, ടെലികോമിലെ സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, 6G, ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ പരിപാടി ശ്രദ്ധയൂന്നും.
150-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1.5 ലക്ഷത്തിലധികം സന്ദർശകർ, 7,000+ ആഗോള പ്രതിനിധികൾ, 400+ കമ്പനികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 5G/6G, AI, സ്മാർട്ട് മൊബിലിറ്റി, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഗ്രീൻ ടെക്നോളജി തുടങ്ങിയ മേഖലകളിലായി 1,600-ലധികം പുതിയ യൂസ്-കേസുകൾ 100+ സെഷനുകളിലൂടെയും 800+ സ്പീക്കറുകളിലൂടെയും പ്രദർശിപ്പിക്കും.
ജപ്പാൻ, കാനഡ, യുകെ, റഷ്യ, അയർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര സഹകരണത്തിനും IMC 2025 ഊന്നൽ കൊടുക്കും
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
India Mobile Congress and the country's success in the telecom sector reflect the strength of the Aatmanirbhar Bharat vision. pic.twitter.com/iQHhJvykIu
— PMO India (@PMOIndia) October 8, 2025
The country that once struggled with 2G…
— PMO India (@PMOIndia) October 8, 2025
Today, 5G has reached almost every district of the same nation. pic.twitter.com/EjtmUrXEFb
India has launched its Made in India 4G Stack. This is a major indigenous achievement for the country.
— PMO India (@PMOIndia) October 8, 2025
With this, India has joined the list of just five countries in the world that possess this capability. pic.twitter.com/sapRifUeb2
We have the world's second-largest telecom market, the second-largest 5G market, the manpower, mobility and mindset to lead. pic.twitter.com/O1P9THkgZI
— PMO India (@PMOIndia) October 8, 2025
Digital connectivity in India is no longer a privilege or a luxury. It is now an integral part of every Indian's life. pic.twitter.com/BiaAwIYeRS
— PMO India (@PMOIndia) October 8, 2025
This is the best time to invest, innovate and make in India! pic.twitter.com/ytmaoxwQYk
— PMO India (@PMOIndia) October 8, 2025
In mobile, telecom, electronics and the entire technology ecosystem… wherever there are global bottlenecks, India has the opportunity to provide solutions to the world. pic.twitter.com/yk14Dznu66
— PMO India (@PMOIndia) October 8, 2025








