മഹാരത്‌ന സി.പി.എസ്.ഇകൾക്ക് (CPSE) അധികാരം നൽകുന്നത് സംബന്ധിച്ച നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു സബ്‌സിഡിയറിയിലെ ഇക്വിറ്റി നിക്ഷേപ പരിധി 5000 കോടി രൂപയിൽ നിന്ന് 7500 കോടി രൂപയായി ഉയർത്തുന്നതിനായി പവർഗ്രിഡിന് കൂടുതൽ അധികാരം നൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി

February 24th, 04:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, മഹാരത്‌ന സി.പി.എസ്.ഇകൾക്ക് ബാധകമായ അധികാര വികേന്ദ്രീകരണം സംബന്ധിച്ച ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ (DPE) 2010 ഫെബ്രുവരി 4-ലെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പവർഗ്രിഡിന് കൂടുതൽ അധികാരം നൽകുന്നതിന് അനുമതി നൽകി. കമ്പനിയുടെ ആകെ ആസ്തിയുടെ 15% എന്ന നിലവിലുള്ള പരിധി നിലനിർത്തിക്കൊണ്ടുതന്നെ, പവർഗ്രിഡിന്റെ അനുവദനീയമായ ഇക്വിറ്റി നിക്ഷേപ പരിധി ഓരോ സബ്‌സിഡിയറിക്കും നിലവിലുള്ള 5,000 കോടി രൂപയിൽ നിന്ന് 7,500 കോടി രൂപയായി ഈ അനുമതി വർദ്ധിപ്പിക്കുന്നു.