പ്രധാനമന്ത്രി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും
February 22nd, 02:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും. ഫെബ്രുവരി 23നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലേക്കു പോകുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടിന് ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. പ്രധാനമന്ത്രി ഫെബ്രുവരി 24നു രാവിലെ 10നു ഭോപ്പാലിൽ 'ആഗോള നിക്ഷേപക ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും. തുടർന്ന്, ബിഹാറിലെ ഭാഗൽപുരിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.15നു പിഎം കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്യുകയും ബിഹാറിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. തുടർന്നു ഗുവാഹാട്ടിയിലേക്കു പോകുന്ന അദ്ദേഹം, വൈകിട്ട് ആറിനു 'ഝുമോയിർ ബിനന്ദിനി (മെഗാ ഝുമോയിർ) 2025' പരിപാടിയിൽ പങ്കെടുക്കും. ഫെബ്രുവരി 25നു രാവിലെ 10.45നു പ്രധാനമന്ത്രി ഗുവാഹാട്ടിയിൽ 'അഡ്വാന്റേജ് അസം 2.0 നിക്ഷേപ-അടിസ്ഥാനസൗകര്യ ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും.