ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായുള്ള ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന

February 12th, 03:22 pm

ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസ് സന്ദർശിച്ചു. 2025 ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസും ഇന്ത്യയും സംയുക്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു. ബ്ലെച്ച്‌ലി പാർക്ക് (നവംബർ 2023), സിയോൾ (മെയ് 2024) ഉച്ചകോടികളിൽ കൈവരിച്ച സുപ്രധാന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി, രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് മേധാവിമാരും, അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളും, ചെറുകിട- വൻകിട സംരംഭങ്ങളുടെ പ്രതിനിധികളും, അക്കാദമിക്, ഗവൺമെന്റിതര സംഘടനകളുടെ പ്രതിനിധികളും, കലാകാരന്മാരും, സിവിൽ സമൂഹത്തിലെ അംഗങ്ങളും ഉച്ചകോടിയിൽ ഒത്തുചേർന്നു. പൊതുജനതാൽപ്പര്യം മുൻനിർത്തി ആഗോള എഐ മേഖലയ്ക്ക് സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പ്രതിബദ്ധത അവർ അടിവരയിട്ടു. ഫ്രാൻസിന്റെ അധ്യക്ഷതയിൽ എഐ ആക്ഷൻ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് മാക്രോണിനെ അഭിനന്ദിച്ചു. അടുത്തഎഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ഫ്രാൻസ് സ്വാഗതം ചെയ്തു.