ET Now ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 13th, 08:30 pm
ഈ ഗ്ലോബൽ ബിസിനസ് സമ്മിറ്റിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു; ഏവർക്കും എന്റെ ആശംസകൾ നേരുന്നു. “തടസങ്ങളുടെ ഒരു ദശകം, മാറ്റങ്ങളുടെ ഒരു നൂറ്റാണ്ട്” (A Decade of Disruption, A Century of Change) എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നമ്മൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. വിനീത് ജിയുടെ പ്രസംഗം കേട്ടപ്പോൾ എന്റെ ജോലി കൂടുതൽ എളുപ്പമായെന്ന് എനിക്ക് തോന്നുന്നു. എങ്കിലും ചെറിയൊരു അഭ്യർത്ഥനയുണ്ട് - നിങ്ങൾക്ക് ഇത്രയധികം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട്, അത് ചിലപ്പോഴൊക്കെ ഇക്കണോമിക് ടൈംസിലും (ET) പ്രതിഫലിക്കേണ്ടതുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’നെ അഭിസംബോധന ചെയ്തു
February 13th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ നടന്ന ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ‘തടസ്സങ്ങളുടെ ദശകം; മാറ്റങ്ങളുടെ നൂറ്റാണ്ട്’ എന്ന പ്രമേയത്തെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലെ കഴിഞ്ഞ പത്തുവർഷങ്ങൾ ആഗോള മഹാമാരി, വിവിധ മേഖലകളിലെ സംഘർഷങ്ങളും യുദ്ധങ്ങളും, ആഗോള സന്തുലിതാവസ്ഥയെ തകിടം മറിച്ച വിതരണശൃംഖലയിലെ തടസ്സങ്ങൾ എന്നിവയുൾപ്പെടെ അഭൂതപൂർവമായ പ്രതിസന്ധികൾക്കു സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളാണ് ഒരു രാജ്യത്തിന്റെ യഥാർഥ കരുത്തു വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്രയേറെ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഈ ദശകം ശ്രദ്ധേയമായ വികസനം, മികച്ച സേവനവിതരണം, ജനാധിപത്യത്തിന്റെ ശാക്തീകരണം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടതിൽ അഭിമാനം പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകം ആരംഭിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും, അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ രാജ്യം തകരുമെന്ന ആശങ്ക നിലനിന്നിരുന്നുവെന്നും ശ്രീ മോദി അനുസ്മരിച്ചു. എന്നാൽ ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്. മാറ്റത്തിന്റെ ഈ നൂറ്റാണ്ടിന്റെ പ്രധാന അടിത്തറ ഇന്ത്യയായിരിക്കുമെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിൽ ആഗോള വളർച്ചയിൽ 16 ശതമാനത്തിലധികം ഇന്ത്യയുടെ സംഭാവനയാണെന്നും ഇതു വർഷംതോറും വർധിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ആഗോള വളർച്ചയെ നയിക്കുമെന്നും ലോകസമ്പദ്‌വ്യവസ്ഥയുടെ പുതിയ ചാലകശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.